മസ്കത്ത്: മസ്കത്തിൽ നിന്ന് കോഴിക്കോട്ടിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തിറക ്കി. മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ ഇറക്കാൻ കഴിയാതെ വന്നതോടെ െഎ.എക്സ് 350 വിമാനം തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ തിരുവനന്തപുരത്തിറക്കിയ വിമാനം എപ്പോൾ കരിപ്പൂരിലേക്ക് തിരിച്ചുപറക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിരിച്ചുപോകാത്തതിെൻറ കാരണം ചോദിച്ചപ്പോൾ പൈലറ്റിെൻറ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന മറുപടിയാണ് ലഭിച്ചതെന്ന് യാത്രക്കാരനായ മേലാറ്റൂർ സ്വദേശി ഷംസുദ്ദീൻ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ വിമാനത്തിലുണ്ട്. ഉച്ചവരെ വിമാനത്തിലിരുന്നിട്ടും കുടിവെള്ളം മാത്രമാണ് നൽകിയത്. യാത്രക്കാർ ബഹളം വെച്ചിട്ടും കൃത്യമായ മറുപടി നൽകിയിട്ടില്ല. ഉച്ചക്ക് ഒരു മണി ആയപ്പോൾ ഹാൻഡ്ബാഗ് എടുത്ത് ടെർമിനലിൽ പോയി വിശ്രമിക്കാനും കരിപ്പൂരിലേക്ക് തിരിച്ചുപറക്കുന്ന കാര്യം ശേഷം തീരുമാനിക്കാമെന്നുമാണ് പറഞ്ഞതെന്നും ഷംസുദ്ദീൻ പറഞ്ഞു.
ഒമാൻ സമയം പുലർച്ചെ 2.45ന് മസ്കത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം നാലരക്കാണ് പുറപ്പെട്ടത്. പുലർച്ചെ മസ്കത്തിൽ നിന്നുള്ള ഒമാൻ എയർ വിമാനം കരിപ്പൂരിൽ തടസമില്ലാതെ ഇറക്കുകയും ചെയ്തു.