മസ്കത്ത് നൈറ്റ്സ്: ആഘോഷം കളറാകും
text_fieldsമസ്കത്ത്: ആഘോഷങ്ങൾക്ക് നിറംപകർന്നെത്തുന്ന മസ്കത്ത് ഫെസ്റ്റിവലിനെ വരവേൽക്കാൻ സ്വദേശികളും വിദേശികളുമൊരുങ്ങി. ജനുവരി 19 മുതൽ ഫെബ്രുവരി നാലുവരെയാണ് പരിപാടികൾ. മസ്കത്ത് ഫെസ്റ്റിവലിന്റെ പിൻഗാമിയായി വരുന്ന മസ്കത്ത് നൈറ്റ്സ് നഗരങ്ങൾക്ക് ഉണർവേകും. 2019 ജനുവരിയിലാണ് അവസാനമായി മസ്കത്ത് ഫെസ്റ്റിവൽ നടന്നത്. അമീറാത്ത്, നസീം ഗാർഡൻ, ഒമാൻ ഓട്ടോമൊബൈൽ ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ഫെസ്റ്റിവൽ നടന്നത്.
2020ൽ മുൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണം മൂലം ഫെസ്റ്റിവൽ നിർത്തിവെക്കുകയായിരുന്നു. 2021ലും 2022ലും കോവിഡ് പ്രതിസന്ധിമൂലം ഫെസ്റ്റിവൽ നടന്നിരുന്നില്ല.
ഇടവേളക്കുശേഷം വീണ്ടും ഫെസ്റ്റിവൽ നടക്കുന്നത് സ്വദേശികൾക്കും വിദേശികൾക്കും ഏറെ ആവേശം നൽകുന്ന കാര്യമാണ്. ഫെസ്റ്റിവൽ ആരംഭിക്കുന്നതോടെ നാടും നഗരവും ഉത്സവസീസണിലേക്ക് നീങ്ങുന്നത് വ്യാപാര മേഖലക്ക് അനുഗ്രഹമാവുമെന്നാണ് കരുതുന്നത്. നഗരങ്ങളിൽ തിരക്ക് വർധിക്കുന്നതും കൂടുതൽ ആളുകൾ നഗരത്തിലേക്ക് എത്തുന്നതും ഹോട്ടൽ അടക്കമുള്ള മേഖലകളിൽ വൻ ഉണർവുണ്ടാക്കുമെന്നാണ് ഇൗ മേഖലയിലുള്ളവർ പറയുന്നത്. മസ്കത്ത് നൈറ്റ് സജ്ജീകരണത്തിന്റെ ഭാഗമായി ഖുറം പാർക്, നസീം ഗാർഡൻ, സീബ് പാർക്ക് എന്നിവ അടച്ചിട്ടിരിക്കുകയാണ്. ഖുറം നാചുറൽ പാർക്ക് ഉത്സവവേദിയാവുന്നതിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. ഖുറം പാർക്ക് ഏറെ വർഷത്തിനു ശേഷമാണ് വീണ്ടും ഫെസ്റ്റിവൽ വേദിയാവുന്നത്.
മസ്കത്ത്, റൂവി, അൽ ഖുവൈർ മേഖലകളിൽ നിന്നുള്ളവർക്ക് എളുപ്പം എത്താൻ കഴിയുന്നതിനാൽ ഖുറം പാർക്ക് വേദിയാവുന്നത് അനുയോജ്യമായിരിക്കും. ഖുറം പാർക്കിലെ വിശാലമായ സൗകര്യങ്ങളും ഫെസ്റ്റിവലിനെത്തുന്നവർക്ക് അനുഗ്രഹമാവും. അടുത്ത കാലത്തായി പൊതുവെ തിരക്ക് കുറഞ്ഞ പാർക്കിൽ കൂടുതൽ പേർ എത്താനും മസ്കത്ത് നൈറ്റ്സ് സഹായകമാവും. എന്നാൽ, ഇവിടെ ഉത്സവവേദിയായാൽ മേഖലയിൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഖുറം മേഖലയിലെ പാർക്കിങ് സൗകര്യങ്ങളുടെ കുറവ് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

