മസ്കത്ത് കലോത്സവം നവംബർ 26 മുതൽ
text_fieldsസീബിലെ മസ്കത്ത് കലാ സാംസ്കാരിക വേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: സീബിലെ മസ്കത്ത് കലാ സാംസ്കാരികവേദി അവതരിപ്പിക്കുന്ന ‘മസ്കത്ത് കലോത്സവം 2025’ നവംബർ 26, 27, 28 തീയതികളിൽ അങ്ങേറും. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മസ്കത്ത് കലാ സാംസ്കാരിക വേദിയുടെ ലക്ഷ്യമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സീബിലെ റമീ ഡ്രീം റിസോർട്ടിൽ മൂന്നു ദിവസങ്ങളിലായാണ് കലോത്സവം.
മുപ്പത്തിയഞ്ചിലധികം കലാമത്സരങ്ങൾ ഒരേസമയം തന്നെ മൂന്ന് വേദികളിലായി നടക്കും. പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് കലോത്സവം ഒരുങ്ങുന്നതെന്ന് സംഘാടകർ പറഞ്ഞു. വിധിനിർണയത്തിനായി പ്രവൃത്തി പരിചയമുള്ള ജഡ്ജ്മെന്റ് പാനൽ ഇന്ത്യയിൽ നിന്ന് എത്തും. ഷോപ്പിങ്, എക്സിബിഷൻ സ്റ്റാളുകൾ, നാടൻ തട്ടുകടകൾ എന്നിവയടക്കം ഒരുക്കും.
ഇന്ത്യൻ സ്കൂൾ കുട്ടികൾക്കും എല്ലാ പ്രവാസികുടുംബങ്ങൾക്കും പ്രവാസി അസോസിയേഷനുകൾക്കും ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമികൾക്കും അധ്യാപകർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. എല്ലാ ഇനങ്ങളിലും ഒന്നു മുതൽ മൂന്നുവരെ സമ്മാനം ഉണ്ടായിരിക്കും. കൂടാതെ കലാതിലകം-കലാപ്രതിഭ പട്ടവും നൽകും. കേരളത്തിലും മസ്കത്തിലും നിന്നുള്ള വിശിഷ്ട അതിഥികൾ ചടങ്ങിൽ പങ്കെടുക്കും.
ഒരാഴ്ച മുമ്പ് ഓഫ് സ്റ്റേജ് മത്സരങ്ങൾ നടക്കും. കലോത്സവത്തിന്റെ അവസാനദിവസമായ നവംബർ 28ന് വൈകുന്നേരം മുൻ കലാതിലകവും സിനിമ-സീരിയൽ താരവുമായ അമ്പിളി ദേവി, അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയൻ എന്നിവർ നയിക്കുന്ന നൃത്തസംഗീതവിരുന്ന് ‘നക്ഷത്രരാവ്’ എന്ന മെഗാ ഷോയും ഉണ്ടായിരിക്കും.
വാർത്തസമ്മേളനത്തിൽ മസ്കത്ത് കലാ സാംസ്കാരിക വേദിയുടെ ഭാരവാഹികളായ ശ്രീകുമാർ കൊട്ടാരക്കര, സിബി ബാബു, വിനോദ്.വി, അനുദാസ്, വിനോദ് മഞ്ചേരി, സുബി ബാബു, രാജേഷ്, ശശിധരൻ പൊയ്കയിൽ, സജിത വിനോദ്, നിഷ ഷാജി, സീന ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

