മസ്കത്ത് നഗരം ഏറ്റവും സുരക്ഷിതം
text_fieldsമസ്കത്ത് നഗരത്തിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി തലസ്ഥാന നഗരിയായ മസ്കത്തും. നംബിയോ തയാറാക്കിയ റിപ്പോർട്ടിലാണ് 382 നഗരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനം മസ്കത്ത് കൈവരിച്ചിരിക്കുന്നത്. അബൂദബി, ദുബൈ, ഷാർജ, മനാമ, ദോഹ, തായ്വാനിലെ തായ്പേയ് എന്നിവയാണ് മസ്കത്തിന് മുന്നിലുള്ള മറ്റുനഗരങ്ങൾ.
കാറുകൾ മോഷ്ടിക്കൽ, കവർച്ച, അപമാനിക്കൽ, ആക്രമണങ്ങൾ, ശാരീരിക ആക്രമണങ്ങൾ ( വംശം, ലിംഗഭേദം അല്ലെങ്കിൽ മതം), മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ, മോഷണം, സായുധ കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത മസ്കത്തിൽ വളരെ കുറവാണെന്ന് നംബിയോയുടെ റിപ്പോർട്ടിൽ പറയുന്നു. പകലെന്ന പോലെ രാത്രിയിലും സുരക്ഷിതമായി ഒറ്റക്ക് നടക്കാനാവുന്നതിന്റെ കാര്യത്തിലും നഗരത്തിന് ഉയർന്ന സ്കോറാണു ള്ളത്.
ഏറ്റവും കുറഞ്ഞ ക്രൈം സൂചികയുളള രാജ്യങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഒരു നിശ്ചിത നഗരത്തിലോ രാജ്യത്തിലോ ഉള്ള കുറ്റകൃത്യങ്ങളുടെ മൊത്തത്തിലുള്ള നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം സൂചിക കണക്കാക്കുന്നത്. സൂചിക 20ൽ താഴെയുള്ളതെങ്കിൽ കുറ്റകൃത്യങ്ങൾ വളരെ കുറവും 20-40നും ഇടയിലാണെങ്കിൽ കുറ്റകൃത്യങ്ങൾ കുറവാണെന്നുമാണ് സൂചിപ്പിക്കുന്നത്.
40- 60-നും ഇടയിലാണ് സൂചികയെങ്കിൽ കുറ്റകൃത്യങ്ങൾ മിതവും 60- 80നും ഇടയിലുമുള്ള സൂചിക കുറ്റകൃത്യങ്ങൾ കൂടുതലായും 80ന് മുകളിലുള്ളവ വളരെ കൂടുതൽ കുറ്റകൃത്യങ്ങളുള്ളവയായും പരിഗണിക്കുന്നു. സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനായി സാമ്പത്തിക, ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്ന നിരവധി വികസന പദ്ധതികൾ നിലവിൽ മസ്കത്ത് ഗവർണേറ്റിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

