ജി.സി.സിയിൽ ഗതാഗതക്കുരുക്ക് കുറഞ്ഞ നഗരം മസ്കത്ത്
text_fieldsമസ്കത്ത് നഗരത്തിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ജി.സി.സിയിൽ ഏറ്റവും തിരക്ക് കുറഞ്ഞ നഗരങ്ങളിൽ ഇടംപിടിച്ച് ഒമാന്റെ തലസ്ഥാനനഗരിയായ മസ്കത്ത്. നംബിയോ വെബ്സൈറ്റ് പുറത്തിറക്കിയ ഈ വർഷത്തെ ഗതാഗതക്കുരുക്ക് സൂചിക (ട്രാഫിക് കൺജഷൻ ഇൻഡക്സ്) പ്രകാരം മസ്കത്താണ് ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. 118.7 പോയന്റാണ് മസ്കത്ത് സ്വന്തമാക്കിയത്.
ആഗോളതലത്തിൽ മസ്കത്ത് 105ാം സ്ഥാനത്താണ്. അതേസമയം നൈജീരിയയിലെ ലാഗോസാണ് ആഗോളതലത്തിൽ ഏറ്റവും തിരക്കേറിയ നഗരം. യാത്രക്കാർ ഒരു വൺവേ യാത്രക്കായി ശരാശരി 70 മിനിറ്റാണ് ഇവിടെ ചെലവഴിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശരാശരി ദൈനംദിന യാത്രാസമയം, നിരാശയുടെ അളവ്, ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത, തിരക്ക് മൂലമുണ്ടാകുന്ന ഉദ്വമനം എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്.
മറ്റ് അറബ് നഗരങ്ങളെ അപേക്ഷിച്ച് മസ്കത്തിൽ ഗതാഗതപ്രവാഹത്തിന്റെ മികച്ചനിലവാരം ഈ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് സൂചികയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. മസ്കത്തിൽ, 92.19 ശതമാനം ആളുകളും ജോലിസ്ഥലത്തേക്കോ സ്കൂളിലേക്കോ പോകാൻ സ്വകാര്യ കാറുകൾ ഉപയോഗിക്കുന്നു. അതേസമയം 7.81 ശതമാനം പേർ വീട്ടിൽനിന്ന് ജോലി ചെയ്യുന്നു.
ജോലിസ്ഥലത്തേക്കോ സ്കൂളിലേക്കോ യാത്ര ചെയ്യാൻ എടുക്കുന്ന ശരാശരി ദൂരം 23.39 കിലോമീറ്ററാണ്. ഏകദേശം 22.56 മിനിറ്റിനുള്ളിൽ ഇവിടേക്ക് എത്തിച്ചേരാനും കഴിയും. ജി.സി.സിയിൽ ദുബൈ 169.9 , കുവൈറ്റ് സിറ്റി 155.2, റിയാദ് 154.5, അബൂദബി 136.1, മനാമ 140.4, ദോഹ 135.3, ഷാർജ 310.6 എന്നിങ്ങനെ പോയന്റുകളാണുള്ളത്. വ്യക്തികൾക്ക് അവരുടെ നഗരങ്ങളിലെ ഗതാഗതസാഹചര്യങ്ങളെക്കുറിച്ചുള്ള അനുഭവങ്ങൾ നൽകിയ ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ട്രാഫിക് സൂചിക ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

