മാറിത്താമസിക്കാന്‍ അനുയോജ്യമായ നഗരം: ലോകതലത്തില്‍ മസ്കത്തിന് എട്ടാം സ്ഥാനം
text_fieldsമസ്കത്ത്: മാറിത്താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന മികച്ച നഗരങ്ങളുടെ ഗണത്തില്‍ ഇടം പിടിച്ച് മസ്കത്തും. ലോകതലത്തില്‍ എട്ടാം സ്ഥാനമാണ് നേടിയത്. മണി.കോ.യുകെയുടെ(money.co.uk) പുതിയ ഗവേഷണം അനുസരിച്ചാണ് മികച്ച നഗരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വീടുകളുടെ വില, ജീവിതച്ചെലവ്, ശരാശരി വേതനം, കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ വിശകലനം ചെയ്താണ് ഗവേഷണപഠനം തയാറാക്കിയത്. റസ്റ്റാറൻറുകളുടെയും ഹരിതാഭമായ കേന്ദ്രങ്ങളുടെയും എണ്ണം, ഇൻറര്‍നെറ്റ് വേഗം, ആയുര്‍ദൈര്‍ഘ്യം അടക്കമുള്ളവയും വിശകലനം ചെയ്തു.
പത്തില്‍ 5.40 സ്കോര്‍ ആണ് മസ്കത്തിനു ലഭിച്ചത്. മസ്കത്തില് ഒരു ചതുരശ്ര മീറ്ററിന് ശരാശരി വില 718.75 റിയാലാണ്. ശരാശരി പ്രതിമാസ ശമ്പളം 731.07 റിയാലും നാലു പേരടങ്ങുന്ന കുടുംബത്തിനുള്ള പ്രതിമാസ ജീവിതച്ചെലവ് 895.46 റിയാലുമാണ്. 6.02 സ്കോര്‍ നേടി ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനാണ് ഒന്നാമത്. ഇൻറര്‍നെറ്റ് വേഗം ഏറ്റവും കൂടുതലുള്ള നഗരം കൂടിയാണ് ഓസ്റ്റിന്‍.
ഇവിടുത്ത ശരാശരി താപനില 20.4 ഡിഗ്രിയും ഉയര്‍ന്ന പ്രതിമാസ വേതനം 3,984 പൗണ്ടുമാണ്. ജപ്പാന് തലസ്ഥാനമായ ടോക്യോ ആണ് രണ്ടാമത്. റസ്റ്റാറൻറ്, ഹരിതാഭമായ കേന്ദ്രങ്ങള്‍ എന്നിവയില്‍ വളരെ മുന്നിലാണ് ടോക്യോ. ശരാശരി ആയുര്‍ദൈര്‍ഘ്യം 84 വയസ്സാണ്. സൗത്ത് കരോലൈനയിലെ ചാള്‍സ്റ്റണാണ് മൂന്നാം സ്ഥാനത്ത്. ഇൻറര്‍നെറ്റ് വേഗമാണ് പ്രത്യേകത. ജീവിക്കാന്‍ കൂടുതല്‍ പണം ചെലവാക്കേണ്ട നഗരം സ്വിറ്റ്സര്‍ലന്‍ഡിലെ ബേസല്‍ ആണ്. പ്രതിവര്‍ഷം ശരാശരി 53,748 പൗണ്ട് വേണം. ശരാശരി 28,716 പൗണ്ട് വര്‍ഷം ചെലവാകുന്ന മറ്റ് നഗരങ്ങളെ അപേക്ഷിച്ച് 25,000 പൗണ്ട് കൂടുതലാണ്. ചെലവ് കുറഞ്ഞ നഗരം ഇസ്താംബൂളാണ്. പ്രതിവര്‍ഷം 12,753 പൗണ്ട് മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

