വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങളിൽ മസ്കത്തും
text_fieldsമസ്കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്
മസ്കത്ത്: യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ യാത്രികരിൽ 79 ശതമാനം പേർ അടുത്തവർഷം നടത്താൻ പദ്ധതിയിടുന്ന അവധിയാത്രകളുടെ ഡെസ്റ്റിനേഷനുകളിൽ മുൻനിരയിൽ മസ്കത്തും ഉൾപ്പെടുന്നതായി റിപ്പോർട്ട്. മാരിയറ്റ് ബോൺവോയിയുടെ 2026 ഇ.എം.ഇ.എ ടിക്കറ്റ് ടു ട്രാവൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബുക്കിങ് ഡാറ്റാ വിശകലനപ്രകാരം നോർവേയിലെ ഓസ്ലോ, അൾജീരിയയിലെ അൾജിയേഴ്സ്, ക്രൊയേഷ്യയിലെ സ്പ്ലിറ്റ്, സാഗ്രെബ്, ഡെൻമാർക്കിലെ കോപ്പൻഹേഗൻ എന്നിവയും വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങളാണ്. യു.എ.ഇയും സൗദി അറേബ്യയും 2026ൽ സന്ദർശിക്കേണ്ട മുൻനിരയിലുള്ള രാജ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. 22,000ത്തിലധികം പ്രായപൂർത്തിയായ വ്യക്തികളെ ഉൾപ്പെടുത്തി 11 രാജ്യങ്ങളിൽ നടത്തിയ സർവേയെ അടിസ്ഥാനപ്പെടുത്തിയാണ് മാരിയറ്റ് ബോൺവോയിയുടെ ഈ റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം, യാത്രാപദ്ധതികൾക്കായി പകുതിപേരും അവരുടെ യാത്രകൾ ആസൂത്രണം ചെയ്യാനോ പഠിക്കാനോ നിർമിതബുദ്ധിയുടെ സഹായം തേടിയിട്ടുണ്ടെന്ന് പറയുന്നു. മുൻവർഷം 26 ശതമാനമായിരുന്നു ഇത്. ഇത്തവണ 41 ശതമാനംപേർ എ.ഐയെ ആശ്രയിച്ചതായാണ് കണക്ക്. 14 ശതമാനം പേർ എപ്പോഴും എ.ഐ ഉപയോഗിക്കുന്നവരാണെന്നും റിപ്പോർട്ട് പറയുന്നു.
18 മുതൽ 24 വരെ വയസ്സുകാരിലാണ് എ.ഐ ഉപയോഗം ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത് (71 ശതമാനം). അതേസമയം 25 മുതൽ 34 വരെ വയസ്സുകാരിൽ 24 ശതമാനം പേർ എപ്പോഴും എ.ഐ ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തി. പ്രായമായ യാത്രികരിലും ഉപയോഗം വർധിച്ചുവരികയാണ്. 2026ൽ 79 ശതമാനം യാത്രികരും 2025ലെതിനെക്കാൾ കൂടുതൽ അല്ലെങ്കിൽ തുല്യമായ യാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഏകീകൃത ഗൾഫ് വിസ പദ്ധതി അടുത്തവർഷം ആരംഭിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ വരവും വർധിച്ചേക്കും. ലോകത്തിലെ പ്രധാന വിനോദസഞ്ചാരമേഖലകളിലൊന്നായി ഗൾഫ് രാജ്യങ്ങളെ ഉയർത്തിക്കൊണ്ടുവരികയാണ് ഏകീകൃത വിസയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കഴിഞ്ഞവർഷം ഗൾഫിലെ നാല് പ്രധാന എയർലൈൻസുകൾ ചേർന്ന് ഏകദേശം 150 മില്യൺ യാത്രക്കാർക്ക് സേവനമൊരുക്കിയപ്പോൾ, അവരിൽ 70 മില്യൺ പേർ മാത്രമാണ് ഗൾഫ് മേഖലക്കുള്ളിൽ യാത്ര ചെയ്തത്. ഒമാൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങൾക്ക് ഈ ഏകീകൃത ടൂറിസ്റ്റ് വിസയിൽ നിന്ന് കാര്യമായ ഗുണം ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അംഗരാജ്യങ്ങൾക്കിടയിലെ യാത്രാസൗകര്യങ്ങൾ ലളിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

