രാജ്യത്ത് കൂടുതൽ തീപിടിത്തം മസ്കത്തിൽ
text_fieldsദാഹിറ ഗവർണറേറ്റിലെ വീട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ
തീപിടിത്തം അണക്കുന്ന അഗ്നിശമന സേനാംഗങ്ങൾ
മസ്കത്ത്: രാജ്യത്ത് എറ്റവും കൂടുതൽ തീപിടിത്ത സംഭവങ്ങളുണ്ടാകുന്നത് തലസ്ഥാന നഗരിയായ മസ്കത്തിലാണെന്ന് കണക്കുകൾ. 2022ൽ 1307 അഗ്നിബാധ സംഭവങ്ങളാണ് മസ്കത്തിലുണ്ടായത്. ഇത് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം സംഭവങ്ങളുടെ 31.2 ശതമാനമാണെന്ന് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) വെളിപ്പെടുത്തി. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 4186 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 949 എണ്ണം നോർത്ത് ബാത്തിനയിലും 367 സൗത്ത് ബാത്തിനയിലും 435 ദാഖിലിയയിലും 349 ദോഫാർ ഗവർണറേറ്റിലുമാണ്. വീടുകളടക്കമുള്ള താമസ സൗകര്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇത്തരം സംഭവങ്ങൾ 32.1 ശതമാനം വരും. ഗതാഗത മേഖല (22.2 ശതമാനം), മാലിന്യങ്ങൾ (20 ശതമാനം), കാർഷിക രംഗം (9.8 ശതമാനം), കമ്പനികളും സംരംഭങ്ങളും (7.2 ശതമാനം) എന്നിങ്ങനെയാണ് തീപിടിത്തത്തിന്റെ മറ്റു കണക്കുകൾ.തീപിടിത്തം തടയാൻ പുക, വാതക ചോർച്ച ഡിറ്റക്ടറുകൾ എല്ലാ വീട്ടിലും സ്ഥാപിക്കുകയും അപകടസാധ്യതകൾ ഒഴിവാക്കാൻ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചതിനുശേഷം ഉടൻ തന്നെ ഓഫ് ചെയ്യുകയും വേണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
പാചകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടർ അടക്കാതിരിക്കുക, കുട്ടികൾ ഇലക്ട്രിക് വസ്തുക്കളിൽ കൃത്രിമം കാണിക്കുക, പുക വലിക്കുകയും സിഗരറ്റ് കുറ്റികൾ വലിച്ചെറിയുകയും ചെയ്യുക തുടങ്ങിയ കാരണങ്ങളാലാണ് പാർപ്പിട സൗകര്യങ്ങളിൽ പലപ്പോഴും തീപിടിത്തമുണ്ടാകുന്നതെന്നും സിവിൽ ഡിഫൻസ് അധികൃതർ പറയുന്നു.ഇലക്ട്രിക്കൽ സോക്കറ്റുകളുടെ കപ്പാസിറ്റിക്ക് മുകളിൽ ലോഡ് നൽകുക,
വൈദ്യുതി ഉപകരണങ്ങൾ ദീർഘനേരം പ്രവർത്തിപ്പിക്കുക, വൈദ്യുതി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താതിരിക്കുക, യോഗ്യതയില്ലാത്ത വ്യക്തികൾ ഇലക്ട്രിക്കൽ കണക്ഷനുകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നിവയും തീപിടിത്തത്തിന് കാരണമാകുന്നതാണ്. തീപിടിത്തമുണ്ടായാൽ അപകടം കുറക്കുന്ന നടപടികൾ അതിവേഗം ചെയ്യുകയും പ്രായമായവരെയും കുട്ടികളെയും പുറത്തിറക്കുകയും എമർജൻസി നമ്പറിലോ (9999) അതോറിറ്റിയുടെ ഓപറേഷൻ സെന്ററിലോ (24343666) വിളിക്കുകയും ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

