മസ്കത്ത് ഫെസ്റ്റിവൽ; ഖുറം പാർക്കിൽ ഭക്ഷ്യമേള
text_fieldsമസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഖുറം നാച്ചുറൽ പാർക്കിൽ ഭക്ഷ്യമേള സംഘടിപ്പിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന് ടൂറിസ്റ്റ് പ്രോജക്ടുകൾ, കാറ്ററിങ്, ഇവന്റ് മാനേജ്മെന്റ് സേവന ദാതാക്കളിൽനിന്ന് മുനിസിപ്പാലിറ്റി ബിഡുകൾ ക്ഷണിച്ചു.
തലസ്ഥാന നഗരിക്ക് ആഘോഷ രാവുകൾ സമ്മാനിച്ചെത്തുന്ന മസ്കത്ത് ഫെസ്റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെയുള്ള കാലയളവിലാണ് നടക്കുക. കോമിക് ബുക്കുകൾ, ഗെയിമുകൾ, സിനിമകൾ തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളുടെ പ്രദർശനങ്ങൾ ഉൾപ്പെടുത്തുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സിനിമ, സാഹിത്യം, ചലച്ചിത്ര നിർമാണം എന്നീ മേഖലകളിൽനിന്നുള്ള ഒരു കൂട്ടം സെലിബ്രിറ്റികളും ഫെസ്റ്റിവലിന്റെ ഭാഗമാകും.
ഗെയിമിങ് പ്ലാറ്റ്ഫോമുകൾ, ബോർഡ് ഗെയിമുകൾ, മത്സര റൗണ്ടുകൾ എന്നിവയുണ്ടാകും. ഡിജിറ്റൽ ആർട്ട് എക്സിബിഷനുകൾ, ലൈവ് ഡ്രോയിങ്ങുകൾ, കോമിക് ബുക്ക് സാഹിത്യത്തെയും വിവിധ ജനപ്രിയ സംസ്കാരങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസ പ്രഭാഷണങ്ങൾ എന്നിവയും ഇവന്റിൽ പ്രദർശിപ്പിക്കും.
1998ൽ ആരംഭിച്ച മസ്കത്ത് ഫെസ്റ്റിവൽ, സ്കൂൾ അവധിക്കാലത്ത് കുട്ടികൾക്ക് ആഘോഷമാക്കി മാറ്റാനുള്ള ഒരു ഇടമായിട്ടാണ് രൂപകൽപന ചെയ്തിരുന്നത്.

