റമദാൻ അലങ്കാര വിളക്കുകളുടെ നിറശോഭയിൽ മസ്കത്ത് നഗരം
text_fieldsറമദാനെ വരവേറ്റ് മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്ന വൈദ്യുതി വെളിച്ചങ്ങളും അലങ്കാരങ്ങളും
മസ്കത്ത്: റമദാൻ അലങ്കാര വിളക്കുകളാൽ മിന്നിത്തിളങ്ങി മസ്കത്ത് നഗരം.മസ്കത്ത് മുനിസിപ്പാലിറ്റിയാണ് തലസ്ഥാനത്തുടനീളമുള്ള നിരവധി ഐക്കൊണിക് സ്ഥലങ്ങൾക്ക് വർണശോഭ പകർന്ന് വിശുദ്ധമാസത്തെ വരവേറ്റിരിക്കുന്നത്. മത്ര സൂഖ് മുതൽ സീബിന്റെ പ്രവേശന കവാടം വരെ സാംസ്കാരിക അഭിമാനവും ആഘോഷത്തിന്റെ ചൈതന്യവും പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങളോടെയാണ് റമദാനെ സ്വാഗതം ചെയ്തിരിക്കുന്നത്.
മത്ര ഗേറ്റ്, റോയൽ ഓപ്പറ ഹൗസ് മസ്കത്ത്, സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന ലാൻഡ്മാർക്കുകൾ വർണത്തിളക്കത്തിൽ മുങ്ങിനിൽക്കുന്നത് മനോഹര കാഴ്ചയാണ് പകരുന്നത്.ഇത്തരമൊരു പ്രദർശനം ഞങ്ങൾ കാണുന്നത് ഇതാദ്യമാണെന്നും ഇത് അത്ഭുതപ്പെടുത്തുന്നതുമാണെന്നും മത്രയിലെ താമസക്കാരനായ സുലൈമാൻ അൽ ബലൂശി പറഞ്ഞു. മത്ര ഗേറ്റിലെ ലൈറ്റുകളിൽ ‘റമദാൻ മുബാറക്’ പോലും എഴുതിയിട്ടുണ്ട്.ഗേറ്റിൽ പ്രകാശിക്കുന്ന നീല ലൈറ്റുകൾ പ്രദേശത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യത്തെ മനോഹരമായി എടുത്തുകാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റമദാനിൽ കൂടുതൽ സന്ദർശകരെ ആർഷിക്കുന്നതിനും പ്രാദേശിക ഷോപ്പിങും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ അലങ്കാരങ്ങൾ സഹായിക്കുമെന്നും ബലൂശി വിശ്വസിക്കുന്നു.ഓപ്പറ ഹൗസിന് മുന്നിലുള്ള ഇൻസ്റ്റലഷനുകൾ മനോഹാരിത പകരുന്നതാണെന്ന് ടാക്സി ഡ്രൈവറായ സലേം അൽ ഹുസ്നി പറഞ്ഞു. ഇവ നമ്മുടെ ഇസ്ലാമിക പൈതൃകത്തെ പ്രതിഫലിപ്പിക്കുകയും റമദാനിന്റെ സന്ദേശം വഹിക്കുകയും ചെയ്യുന്നു.
വൈകുന്നേരം വെളിച്ചം തെളിയുമ്പോൾ, പ്രദേശത്തിന് ഒരു ഉജ്ജ്വലമായ സ്പർശമാണ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ അലങ്കാരങ്ങൾ നഗരത്തെ മനോഹരമാക്കുകയും റമദാൻ ആഘോഷങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ടെന്ന് സീബ് നിവാസിയായ മുഹമ്മദ് അൽ നബ്ഹാനി പറഞ്ഞു.
ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്, ഗാല, അസൈബ എന്നിവിടങ്ങളിലും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.റമദാൻ അലങ്കാരങ്ങൾ തലസ്ഥാന നഗരത്തിന്റെ സാംസ്കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കുകയും പുണ്യമാസത്തിൽ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും മറക്കാനാവാത്ത അനുഭവം നൽകുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

