സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം; തലസ്ഥാനനഗരിക്ക് ആവേശ ഓളങ്ങളുമായി ബോട്ട് പരേഡ്
text_fieldsസുൽത്താന്റെ സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി നടന്ന ബോട്ട്
പരേഡിൽനിന്ന്
മസ്കത്ത്: തലസ്ഥാന നഗരിയുടെ ഓളങ്ങൾക്ക് ആവേശം പകർന്ന് ബോട്ട് പരേഡ് സംഘടിപ്പിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി സക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷനൽ സെലിബ്രേഷൻസ് ആണ് നടത്തിയിരുന്നത്. പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെയും മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയുള്ള പരേഡ് ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ ആഘോഷമായി.
രാവിലെ 8.30 ന് നടക്കുന്ന സമ്മേളനത്തിനുശേഷം ഒമ്പത് മണിക്ക് മറീന ബന്ദർ അൽ റൗദയിൽനിന്നാണ് പരേഡ് ആരംഭിച്ചത്. തുടർന്ന് ജുമൈറ ഹോട്ടൽ, മത്ര കോർണിഷ് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലൂടെ കടന്ന് അൽ മൗജ് മസ്കത്ത് മറീനയിൽ സമാപിച്ചു. ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി മസ്കത്തിലെ മനോഹരമായ ജലാശയങ്ങളിലൂടെ കടന്നുപോകുന്ന ബോട്ട് പരേഡ് വൈകുന്നേരം അഞ്ച് മണിക്കാണ് അവസാനിച്ചത്. മലയാളികളായ പ്രവാസികളും പരേഡിന്റെ ഭാഗമായുണ്ടായിരുന്നു.
മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ കാർമിക്വത്തിലായിരുന്നു ബോട്ട് പരേഡ് നടന്നിരുന്നത്. യുനൈറ്റഡ് ബോട്ട്സ് കമ്പനിയിലെ ഹനാൻ ബിൻത് അമർ അൽ ഖംബാഷിയ ദേശീയ അഭിമാനം വളർത്തുന്നതിലും ജനങ്ങളും നേതൃത്വവും തമ്മിലുള്ള ഐക്യം ചിത്രീകരിക്കുന്നതിലും പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പരേഡ് റൂട്ടും അനുബന്ധ പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ഒരു ദൃശ്യ അവതരണവും നടന്നു.
ബോട്ട് പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച പരമ്പരാഗത കലകൾ (ചിത്രങ്ങൾ: വി.കെ. ഷെഫീർ)
യുണൈറ്റഡ് ബോട്ട്സ് കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരേഡ് മസ്കത്തിന്റെ വിനോദസഞ്ചാര ആകർഷണങ്ങളും പ്രകൃതിദൃശ്യങ്ങളും, അതിന്റെ ശാന്തമായ തീരങ്ങൾ, പർവതപ്രദേശങ്ങൾ, നഗരവികസനം എന്നിവ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് മസ്കത്ത് ഗവർണറേറ്റിലെ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡിപാർട്ട്മെന്റ് ഡയറക്ടർ ഇബ്രാഹിം ബിൻ സഈദ് അൽ ഹസാനി പറഞ്ഞു.
ഏകദേശം 400 പേർ സമുദ്ര പരേഡിൽ പങ്കെടുത്തു. ഇതിൽ 69 ബോട്ടുകൾ, യാച്ചുകൾ, ജെറ്റ് സ്കീകൾ എന്നിവ ഉൾപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
40 കിലോമീറ്റർ ദൂരത്തിലായിരുന്നു പരേഡ് നടത്തിയിരുന്നത്. പരമ്പരാഗത നാടോടി കലകൾ, ദേശീയ ഗാനങ്ങൾ, ഒമാനി പതാക ഉയർത്തൽ, സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രങ്ങൾ എന്നിവയും പരഡേിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

