മസ്‌കത്ത് കേബിൾ കാർ പദ്ധതി; സിവിൽ ഡിഫൻസ് സംഘം സുരക്ഷാ പരിശോധന നടത്തി
text_fieldsമസ്‌കത്ത്: ഒമാന്റെ ടൂറിസം മേഖലക്ക് പുത്തനുണർവേകുന്ന മത്ര കേബിൾ കാർ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങളും അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തന പ്ലാനുകളും വിലയിരുത്തുന്നതിനായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും ദേശീയ സെർച്ച് ആൻഡ് റെസ്ക്യൂ ടീമും പദ്ധതി പ്രദേശം സന്ദർശിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനായിരുന്നു ഈ സന്ദർശനം.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സിവിൽ ഡിഫൻസിന്റെ സഹകരണത്തോടെ ജീവനക്കാർക്കായി അഞ്ച് ദിവസത്തെ പ്രത്യേക സുരക്ഷാ പരിശീലന പരിപാടി ആരംഭിച്ചു. സെപ്റ്റംബർ 21 തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് പരിശീലനം. പദ്ധതി നിർവഹണം നടത്തുന്ന മത്ര ടെലിഫെറിക് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ മാനദണ്ഡങ്ങൾ പാലിച്ചുള്ള ആദ്യഘട്ട അന്താരാഷ്ട്ര സുരക്ഷാ പരിശോധനകളും സർട്ടിഫിക്കേഷൻ നടപടികളും പദ്ധതി ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. അത്യാധുനിക മെഡിക്കൽ സ്കാനറുകൾക്ക് സമാനമായ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ ഓരോ മില്ലീമീറ്ററും പരിശോധിച്ച ശേഷമാണ് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകിയതെന്ന് പദ്ധതിയുടെ ഉടമസ്ഥരായ സബീൻ ഗ്രൂപ്പ് സി.ഇ.ഒ ഖാലിദ് അൽ നബാനി വ്യക്തമാക്കി. പൂർണമായും അന്താരാഷ്ട്ര വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഇതിന്റെ സുരക്ഷാ ചട്ടക്കൂട് തയാറാക്കിയിരിക്കുന്നത്.
സിവിൽ ഡിഫൻസ്, റോയൽ ഒമാൻ പോലീസ്, മസ്‌കത്ത് മുൻസിപ്പാലിറ്റി എന്നിവയുടെ അന്തിമ അനുമതി ലഭിച്ച ശേഷമായിരിക്കും പദ്ധതി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കും. സുൽത്താൻ ഖാബൂസ് പോർട്ട് സ്റ്റേഷൻ, മൗണ്ടൻ (സമ്മിറ്റ്) സ്റ്റേഷൻ, ഹയ്യ് അൽ-വർദ് സ്റ്റേഷൻ എന്നിങ്ങനെ മൂന്ന് സ്റ്റേഷനുകളായാണ് കേബിൾ കാർ സർവീസ് നടത്തുക.
ആകെ 18 കേബിൾ കാറുകളാണ് സർവീസിനുണ്ടാകുക. ഇതിൽ സാധാരണ കാറുകളിൽ എട്ടു പേർക്കും വി.ഐ.പി കാറുകളിൽ നാലു പേർക്കും സഞ്ചരിക്കാം. സ്റ്റേഷനുകളോടനുബന്ധിച്ച് കുടുംബങ്ങൾക്കായുള്ള വിനോദ-സാംസ്കാരിക കേന്ദ്രങ്ങളും ഹയ്യ് അൽ-വർദ് സ്റ്റേഷന് സമീപം മനോഹരമായ ഫൗണ്ടനുകളും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

