വാഹനം ഇടിച്ചുള്ള അപകടങ്ങളിൽ മുന്നിൽ മസ്കത്ത്
text_fieldsഒമാന്റെ നിരത്തുകളിൽ നടന്ന വാഹനാപകടങ്ങളിലൊന്ന് (ഫയൽ)
മസ്കത്ത്: ഒമാനിലുടനീളം ഗതാഗത അപകടങ്ങളിൽ കുറവുണ്ടായിട്ടും, വാഹനം ഇടിച്ചുള്ള അപകട സംഭവങ്ങൾ ഗുരുതരമായ ആശങ്കയായി തുടരുന്നു. 2024ൽ ഇത്തരത്തിലുള്ള 389 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അവയിൽ ഭൂരിഭാഗവും മസ്കത്ത് ഗവർണറേറ്റിലാണ്. കഴിഞ്ഞ വർഷത്തെ അപകടങ്ങളിൽ രണ്ടാമതാണ് ഇത്തരം സംഭവങ്ങളെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ 2025 സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക് വ്യക്തമാക്കുന്നു. മസ്കത്തിൽ മാത്രം 96 എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടു.
മറ്റ് ഗവർണറേറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിരക്കാണിത്. 2024ൽ ഒമാനിലുടനീളം നടന്ന 1,854 റോഡപകടങ്ങളിൽ 586 പേർക്ക് ജീവൻ നഷ്ടമായി. 1,936 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023നെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണം ഒമ്പത് ശതമാനത്തിലധികം കുറഞ്ഞു. എന്നാൽ, മുൻ വർഷം രേഖപ്പെടുത്തിയ 595 മരണങ്ങളുടെ എണ്ണത്തിൽ നേരിയ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.
അമിതവേഗം, അശ്രദ്ധമായ പെരുമാറ്റവും അശ്രദ്ധയും, ക്ഷീണം, ഓവർടേക്കിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, മെക്കാനിക്കൽ തകരാറുകൾ, മോശം റോഡ് സാഹചര്യങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവയാണ് ഒമാനിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങൾ.
വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി(806), സ്ഥിരമായ വസ്തുക്കളിൽ ഇടിക്കൽ (338) തുടങ്ങിയവയാണ് ഭൂരിഭാഗം അപകടങ്ങളുടെയും കാരണങ്ങൾ. അപകടങ്ങൾ മൂലമുള്ള മരണങ്ങൾക്ക് പ്രധാന കാരണങ്ങൾ വേഗം, അശ്രദ്ധ, മോശം പെരുമാറ്റം, ക്ഷീണം, ഓവർടേക്കിങ്, ലഹരി, സുരക്ഷിതമായ അകലം പാലിക്കാതിരിക്കൽ, വാഹനങ്ങളിലെ തകരാറുകൾ എന്നിവയാണ്. റോഡുകളിലെ മോശം പെരുമാറ്റം മൂലം കഴിഞ്ഞ വർഷം 99 മരണങ്ങളാണ് ഉണ്ടായത്.
2023ൽ 80ഉം 2022-ൽ 63 ഉം മരണങ്ങൾ ഇതുമൂലം സംഭവിച്ചു. ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് സിസ്റ്റങ്ങളുടെ ഉപയോഗം ആർ.ഒ.പി വിപുലീകരിക്കാൻ തുടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, കൃത്രിമബുദ്ധിയെ ആശ്രയിക്കുന്ന നൂതന ക്യാമറ സംവിധാനങ്ങൾ സജീവമാക്കി ചിത്രങ്ങൾ വിശകലനം ചെയ്യുന്നതിനും മനുഷ്യന്റെ ഇടപെടലില്ലാതെ ലംഘനത്തിന്റെ തരം കൃത്യമായി നിർണയിക്കുന്നതിനും ഇത് സഹായിക്കുന്നു.
ഗതാഗതം നിരീക്ഷിക്കുന്നതിനും സുരക്ഷ ആവശ്യങ്ങൾക്കായി തിരക്കേറിയ പ്രദേശങ്ങളും വാഹനങ്ങളും തിരിച്ചറിയുന്നതിനും ഈ സംവിധാനങ്ങൾ പ്രാപ്തമാക്കുന്നു. ഒമാന്റെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിൽ റോഡ് ശൃംഖലയുടെ വികസനത്തിന് വളരെ അധികം പ്രാധാന്യമാണ് സർക്കാർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

