മുസന്ദം ഗവർണറേറ്റ് സാഹസികപ്രിയമാകും
text_fieldsമസ്കത്ത്: സഞ്ചാരികളെ ആകർഷിക്കുന്നതിനായി മുസന്ദം ഗവർണറേറ്റിൽ സാഹസിക വിനോദ പദ്ധതികൾ ആരംഭിക്കുന്നു. ഒന്നിലധികം പദ്ധതികൾ ആരംഭിക്കുന്നത് സംബന്ധിച്ച ധാരണപ്പത്രത്തിൽ ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനിയും (ഒംറാൻ) വിനോദ സഞ്ചാര മന്ത്രാലയവും ഒപ്പിട്ടു. സിപ്ലൈൻ, ഹൈക്കിങ് ട്രെയിൽസ്, മൗണ്ടൻ ബൈക്കിങ് തുടങ്ങി വിവിധ പദ്ധതികളാണ് ആലോചനയിലുള്ളത്. മുസന്ദം സന്ദർശിക്കുന്നവർക്ക് വേറിട്ട അനുഭവം പകർന്നുനൽകുക ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. ഇതുവഴി വിദേശ സഞ്ചാരികളെയടക്കം കൂടുതലായി ആകർഷിക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഇൗ വർഷം തന്നെ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഖസബ് മേഖല കേന്ദ്രീകരിച്ചാകും ഇവ നടപ്പാക്കുകയെന്നും അറിയുന്നു.
ടൂറിസം മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് ഒമാനിൽ കഴിഞ്ഞ വർഷമെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ 4.7 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ സർക്കാർ സുപ്രധാന സ്ഥാനമാണ് ടൂറിസം മേഖലക്ക് നൽകുന്നത്. ഇൗ ലക്ഷ്യം മുൻനിർത്തി ടൂറിസം മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ ലക്ഷ്യത്തിൽ എത്തുന്നുവെന്നതിെൻറ തെളിവാണ് സഞ്ചാരികളുടെ വർധന. ഒമാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുസന്ദം ഗവർണറേറ്റിന് സുപ്രധാന സ്ഥാനമാണുള്ളത്. ഹോർമുസ് കടലിടുക്കിെൻറ നയനമനോഹരമായ കാഴ്ചകളും പർവതങ്ങളും സമ്പന്നമായ പൈതൃകവുമെല്ലാം വർഷം മുഴുവൻ സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകങ്ങളാണ്.
കടൽ, പർവത സാഹസിക പ്രവർത്തനങ്ങൾക്ക് പേരുകേട്ട മനോഹരമായ സ്ഥലമാണ് മുസന്ദമെന്ന് ഒംറാൻ സി.ഇ.ഒ പീറ്റർ വലിച്ച്നോവ്സ്കി പറഞ്ഞു. കുടുംബമായി എത്തുന്നവർക്ക് സന്തോഷം പകരാൻ ഡോൾഫിൻ വാച്ചിങ്ങും ഫിഷിങ്ങും ഇവിടെയുണ്ട്. മുസന്ദം ഉപദ്വീപിെൻറ പ്രകൃതിദത്തമായ ഭംഗി കാത്തുസൂക്ഷിച്ച് സഞ്ചാരികൾക്കായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിൽവരുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ പറഞ്ഞു. ടൂറിസം മേഖലക്ക് ഉണർവുപകരുന്നതിനൊപ്പം ഇൗ പദ്ധതികൾ വഴി തൊഴിലവസരവും സൃഷ്ടിക്കപ്പെടും. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കും മികച്ച അവസരങ്ങളാകും പദ്ധതി തുറന്നുനൽകുകയെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
