മുസന്ദത്തിലെ ആദ്യ മത്സ്യകൃഷി വിളവെടുപ്പിനൊരുങ്ങുന്നു
text_fieldsമുസന്ദത്തിലെ മത്സ്യകൃഷി
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ മത്സ്യകൃഷി പദ്ധതി പരീക്ഷണാർഥത്തിലുള്ള വിളവെടുപ്പ് തുടങ്ങി. മുസന്ദം ഗ്ലോബൽ ഇൻവെസ്റ്റ് കമ്പനി മുസന്ദം അക്വാകൾചർ കമ്പനിയുമായി സഹകരിച്ചാണ് ഖസബിലെ അൽ ഹർഫിൽ കടൽ കൃഷി ആരംഭിച്ചത്. നിരവധി വിദേശ നിക്ഷേപകർ പദ്ധതിയിൽ മുതൽ മുടക്ക് നടത്തുന്നുണ്ട്. വർഷം തോറും 3500 ടൺ മത്സ്യമാണ് ഇവിടെ കൃഷി ചെയ്യുക. ഇത് പ്രദേശിക അന്താരാഷ്ട വിപണിയിൽ എത്തിക്കുകയും ചെയ്യും.
അൽ ഹർഫ് ഫാമിലെ രണ്ടാമത്തെ പരീക്ഷണ വിളവെടുപ്പ് വിജയിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. രണ്ടാമത്തെ പരീക്ഷണ വിളവെടുപ്പും വിജയകരമായതായി തെളിഞ്ഞിരിക്കുന്നു. ഉയർന്ന ഗുണ നിലവാരമുള്ള മത്സ്യങ്ങൾ വിതരണത്തിന് തയാറായതായും അധികൃതർ അറിയിച്ചു. 2024 ആദ്യത്തിലാണ് പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി തുറന്ന ജല ഫാം, മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന യൂനിറ്റ്, മത്സ്യക്കുഞ്ഞുങ്ങൾക്ക് വിവിധ ഘട്ടങ്ങളിൽ സംരക്ഷണം നൽകാനുള്ള സൗകര്യങ്ങൾ, ഫിഷ് പാക്കിങ് യൂനിറ്റ്, ഗവേഷണ ലാബ്, സ്റ്റോറേജ്, ലോജിസ്റ്റിക് അടക്കമുള്ള സൗകര്യങ്ങളും നിർമിച്ചിരുന്നു.
ഒമാൻ കാർഷിക മത്സ്യ ജല വിഭവ മന്ത്രാലയം പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗം കൂടിയാണിത്. കഴിഞ്ഞ ഡിസംബറിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി യാഖൂബ് അൽ ബുസൈദി കമ്പനിയിലും ഫാമിലും ഫീൽഡ് വിസിറ്റ് നടത്തിയിരുന്നു. കമ്പനിയുടെ മുട്ട വിരിയൽ കേന്ദ്രം, മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്ന സ്ഥലം, പാക്കിങ് ഫാക്ടറി, മത്സ്യം സൂക്ഷിച്ച് വെക്കുന്ന ഫാക്ട്റി എന്നിവയും അണ്ടർ സെക്രട്ടറി വീക്ഷിച്ചിരുന്നു.
ഒമാന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ മത്സ്യത്തിനും മത്സ്യം വളർത്തലിനും വലിയ പ്രാധാന്യമാണ് നൽകുന്നത്. 30 വർഷക്കാലത്തെ പദ്ധതിയിലൂടെ മത്സ്യ വളർത്തലിലൂടെയുള്ള മത്സ്യ ഉൽപാദനം വർഷം തോറും 2,00,000 മെട്രിക് ടെണ്ണായി ഉയർത്താനാണ് പദ്ധതി. 2040 ഓടെയാണ് ഈ ലക്ഷ്യം നേടുക. ഇതിലൂടെ 11,000 സ്വദേശികൾക്ക് തൊഴിൽ ലഭിക്കുകയും 2040 ഓടെ രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദന വളർച്ചയിൽ 5.2 ശതകോടി ഡോളർ സംഭാവന ചെയ്യാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

