മുസന്ദം സിപ്ലൈൻ ഒരുങ്ങി: സാഹസികരെ ഇതിലേ, ഇതിലേ...
text_fieldsമുസന്ദത്തെ സിപ്ലൈനിൽനിന്നുള്ള കാഴ്ച
മസ്കത്ത്: രാജ്യത്തെ സാഹസിക ടൂറിസം രംഗത്തെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ മുസന്ദം ഗവർണറേറ്റിലെ സിപ്ലൈൻ പദ്ധതി ശനിയാഴ്ച തുറക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയായിരിക്കും സിപ്ലൈന്‍ പ്രവര്‍ത്തിക്കുക.
സുരക്ഷ പരിശോധനകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. സുരക്ഷ നടപടികൾ പരിശോധിക്കുന്നതിനായി 700ലധികം ടെസ്റ്റ് റൈഡുകൾ നടത്തിയത്. മാസങ്ങൾക്ക് മുമ്പ് ഡമ്മി ഉപയോഗിച്ച് നടത്തിയ പരീക്ഷണ പ്രവർത്തനങ്ങൾ വിജയകരമാണെന്ന് അധികൃതർ വിലയിരുത്തിയിരുന്നു.
ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്മെന്റ കമ്പനി (ഒമ്രാൻ ഗ്രൂപ്) ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ജബൽ ഫിറ്റിൽനിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്റെയും മനോഹരമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന തരത്തിൽ 1800 മീറ്റർ നീളത്തിലാണ് സിപ്ലൈനുള്ളത്.
അത്താന ഖസബ് ഹോട്ടലുമായാണ് ഇതിന്റെ ലാൻഡിങ് പോയന്റ് ബന്ധിപ്പിച്ചിരിക്കുന്നത്. സുൽത്താനേറ്റിലെ ഏറ്റവും ഉയരത്തിലുള്ള സിപ്ലൈൻ ആണ് മുസന്ദത്തേത്. 220 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് മുസന്ദത്തിന്റെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും മനോഹാരിത അനുഭവിക്കാൻ സഹായിക്കും.
കഴിഞ്ഞ വർഷം മാർച്ചിലാണ് പദ്ധതിയുടെ നിർമാണം തുടങ്ങിയത്. അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി നൂതന ബ്രേക്കിങ് സിസ്റ്റം, റൈഡർമാരെ സംരക്ഷിക്കുന്നതിനുള്ള ഹെൽമറ്റുകൾ, സുരക്ഷ ജാക്കറ്റുകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. സിപ്ലൈൻ സൈറ്റിലേക്കുള്ള റോഡിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്.
1500 മീറ്റർ ദൂരമുള്ള റോഡിന്റെ പണി കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷം ആദ്യം മുസന്ദം ഗവർണറേറ്റിൽ ആരംഭിച്ച അഡ്വഞ്ചർ സെന്റർ പദ്ധതിയുടെ പ്രധാന ഭാഗമാണ് സിപ്ലൈൻ. ഇത് ഗവർണറേറ്റിന്റെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ടൂറിസ്റ്റ് ഗ്രൂപ്പുകളെയും സാഹസിക പ്രേമികളെയും ആകർഷിക്കുന്നതിനൊപ്പം പ്രദേശത്തെ വിനോദ, സാമ്പത്തിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

