മസ്കത്ത്: ചരിത്രവും സംസ്കാരവും ഉറങ്ങുന്ന മുസന്ദം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. മികച്ച കാലാവസ്ഥ കാരണം ദേശാടന പക്ഷികൾ ധാരാളം എത്തുന്ന പ്രദേശം കൂടിയാണ് ഇവിടം. സീസണിൽ ആയിരക്കണക്കിന് ദേശാടനപ്പക്ഷികളാണ് മുസന്ദമിൽ ചേക്കേറുന്നത്. ആയിരക്കണക്കിന് മൈലുകൾ താണ്ടിയെത്തുന്ന ദേശാടന പക്ഷികളെ ആകർഷിക്കുന്നത് ഇവിടത്തെ പ്രകൃതി സവിശേഷതയും കന്യകാത്വമുളള കടൽ തീരങ്ങളുമാണ്. സീസണിൽ ഒമാനിൽ നിന്നും യു.എ.ഇയിൽനിന്നുമായി ആയിരക്കണക്കിന് സന്ദർശകരാണ് മുസന്ദമിൽ കാഴ്ചകൾ കാണാൻ എത്തുന്നത്.
ഇവിടത്തെ നൂറ്റാണ്ട് പഴക്കമുള്ള സാംസ്കാരിക പൈതൃകങ്ങൾ സന്ദർശകർക്ക് കൗതുകം പകരുന്നതാണ്. പല ഭാഷകളുടെയും സമ്മിശ്രമായ ഖുംസാരി ഭാഷ സംസാരിക്കുന്ന ഖുംസാറും ഇവിടത്തെ ആകർഷണമാണ്. ചരിത്രപ്രസിദ്ധമായ ഹോർമുസ് ജലപാതയോട് ചേർന്നുകിടക്കുന്ന ഒമാെൻറ അതിർത്തി പ്രദേശമാണ് മുസന്ദം. ഷിനാസ് തുറമുഖത്തുനിന്ന് മൂന്നുമണിക്കൂർ ഫെറിയിൽ യാത്ര ചെയ്താലാണ് ഇവിടെ എത്താനാവുക. സുന്ദരമായ കാഴ്ചകൾ സമ്മാനിച്ചാണ് ഫെറി മുസന്ദമിൽ അണയുക. കരമാർഗം യു.എ.ഇയിൽ നിന്ന് മാത്രമാണ് ഇവിടെയെത്താൻ സാധിക്കുക.
ഇവിടത്തെ കടലും കടൽസമ്പത്തും വേറിട്ടതാണ്. ഡോൾഫിൻ, പൂമ്പാറ്റ മത്സ്യങ്ങൾ, മേനാഹരമായ പവിഴപ്പുറ്റുകൾ എന്നിവ സന്ദർശകർക്ക് ഹരം പകരും. നാടൻ കല്ലുകൾ കൊണ്ട് നിർമിച്ച പഴയകാല പരുക്കൻ വീടുകളും ഇവിടെ കാണാം. ഖോർ ഷം, േഖാർ നജ്ദ്, ഖോർ ഖൗബ് അലി എന്നീ മൂന്നു ചെറിയ ദ്വീപുകൾ ഇവിടെയുണ്ട്. കന്നുകാലി വളർത്തലും മീൻപിടിത്തവുമാണ് ഇവിടത്തുകാരുടെ പ്രധാന തൊഴിൽ. ഖനാ, മഖ്ലബ്, ഷം, നദാഫിഹ്, സിബി എന്നിങ്ങനെ അഞ്ച് ഗ്രാമങ്ങൾ ചേർന്നതാണ് ഷം. ഇതിൽ സിബി ഗ്രാമത്തിൽ 12 വീടുകൾ മാത്രമാണുള്ളത്. പരമ്പരാഗത തോണികളും ബോട്ടുകളും ഉപയോഗപ്പെടുത്തിയാണ് ഇൗ ദ്വീപുകളിൽ എത്താൻ കഴിയുക. ഇവിടെയുള്ള ജസീറത്ത് അൽ മഖ്ലബ് ചിരിത്ര പ്രാധാന്യമുള്ളതാണ്. ടെലിഗ്രാഫ് ദ്വീപ് എന്നാണിത് അറിയപ്പെടുന്നത്. ടെലിഗ്രാഫ് കേബിളുകളുടെ റിപ്പീറ്റർ സ്റ്റേഷനായിരുന്നു ഇവിടം.
മുസന്ദമിലെ ലിമ ഗ്രാമത്തിന് ശേഷം പ്രധാന ഗ്രാമം ഖുംസാർ ആണ്. രാജ്യത്തിെൻറ മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ സംസ്കാരമാണ് ഇവിടെയുള്ളത്. ലോകത്തിലെ 25 ഭാഷകൾ ചേർന്നുണ്ടായ ഖുംസാരി ഭാഷയാണ് ഇവിടത്തുകാർ സംസാരിക്കുന്നത്. ലാരി, പോർചുഗീസ്, ഹിന്ദി, ഇന്തോ-യുറോപ്യൻ, അറബി, ഫ്രഞ്ച് തുടങ്ങിയ ഭാഷകളുടെ സങ്കരമാണ് ഇത്. കപ്പൽ അപകടങ്ങളിലും മറ്റും പെട്ട് കടലിൽ കുടുങ്ങി ഇവിടെ കരക്കടിഞ്ഞവരുടെ പിൻഗാമികളാണ് ഇപ്പോഴുള്ളത്. നൂറ്റാണ്ടുകൾക്കുമുമ്പ് ഇങ്ങനെ ചേക്കേറിയ പലരും ജന്മനാട്ടിലേക്ക് തിരിച്ചുേപായില്ല. ഇവരുടെ ഭാഷകൾ ചേർന്നാണ് ഖുംസാരി ഭാഷയുണ്ടായത്. നാലു കിലോമീറ്റർ ചുറ്റളവുള്ള ഇൗ ദ്വീപിൽ 5000 താമസക്കാരുണ്ട്.