മുസന്ദം അന്താരാഷ്ട്ര ഡൈവിങ് ഫെസ്റ്റിവലിന് ഖസബിൽ തുടക്കം
text_fieldsമുസന്ദം അന്താരാഷ്ട്ര ഡൈവിങ് ഫെസ്റ്റിവലിന് ഖസബിൽ തുടക്കമായപ്പോൾ
ഖസബ്: മുസന്ദം ഗവർണറേറ്റ് ആദ്യത്തെ മുസന്ദം ഇന്റർനാഷനൽ ഡൈവിങ് ഫെസ്റ്റിവലിന് ഖസബ് വിലായത്തിൽ തുടക്കമായി. നാല് ദിവസത്തെ പരിപാടിയിൽ ഒമാനിലും പുറത്തും നിന്നുള്ള പ്രഫഷനൽ ഡൈവർമാരാണ് പങ്കെടുക്കുന്നത്. ഒമാന്റെ വിഷൻ 2040ന് അനുസൃതമായി, സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലും വ്യതിരിക്തമായ പാരിസ്ഥിതിക, സമുദ്ര ആസ്തികൾ പ്രദർശിപ്പിക്കുന്നതിലും ഗവർണറേറ്റിന്റെ പ്രതിബദ്ധതയെയാണ് ഈ ഫെസ്റ്റിവൽ പ്രതിഫലിപ്പിക്കുന്നതെന്ന് മുസന്ദം ഗവർണറുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രഫഷനൽ ഡൈവർമാർ മുതൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാവരെയും ആകർഷിക്കുന്ന സമ്പന്നവും വൈവിധ്യപൂർണവുമായ പരിപാടിയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസന്ദത്തിന്റെ ഊർജസ്വലമായ സമുദ്രജീവിതം പകർത്താൻ പങ്കെടുക്കുന്നവർ നടത്തുന്ന അണ്ടർവാട്ടർ ഫോട്ടോഗ്രഫി മത്സരം, ഖോർ ഖദയിലെ ശാന്തമായ വെള്ളത്തിലൂടെയുള്ള കയാക്കിങ്, ഫ്രീ ഡൈവിങ് മത്സരം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ഡൈവിങ്ങിലും അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയിലും നേട്ടങ്ങൾ കൈവരിച്ചതിന് അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ മുങ്ങൽ വിദഗ്ധരെ ദിവസേനയുള്ള ചർച്ചാ സെഷനുകളിൽ പങ്കെടുപ്പിക്കും. ആഴക്കടൽ വിഷയങ്ങളെക്കുറിച്ചുള്ള പ്രത്യേക വർക് ഷോപ്പുകളും ഉണ്ടായിരിക്കും. മുസന്ദം കടലിലെ ഏറ്റവും ആഴമേറിയ സ്ഥലത്തേക്കുള്ള ഡൈവ്, പവിഴപ്പുറ്റുകൾ നടുന്നതിനുള്ള കാമ്പയിൻ, പര്യവേക്ഷണ ഡൈവിങ് സാഹസികതകൾ എന്നിവയുൾപ്പെടെയുള്ള അതുല്യമായ അനുബന്ധ പ്രവർത്തനങ്ങളും ഫെസ്റ്റിവലിൽ നടക്കും. മത്സ്യബന്ധന മത്സരങ്ങൾ, മേഖലയിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശുചീകരണ കാമ്പയിൻ എന്നിവയിലും സന്ദർശകർക്ക് പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

