മുസന്ദം വികസനക്കുതിപ്പിൽ; നിക്ഷേപത്തിലും വിനോദസഞ്ചാരത്തിലും തൊഴിൽ മേഖലയിലും മികച്ച നേട്ടം
text_fieldsമസ്കത്ത്: നിക്ഷേപം, വിനോദസഞ്ചാരം, തൊഴിൽ മേഖലകളിൽ മികച്ച നേട്ടവുമായി മുസന്ദം ഗവർണറേറ്റ്. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി നടപ്പാക്കുന്ന വികസന പദ്ധതികളിലൂടെ ഈ വർഷത്തെ മൂന്നാം പാദം അവസാനിക്കുമ്പോഴേക്കും വിവിധ മേഖലകളിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ മറികടന്നതായി അധികൃതർ അറിയിച്ചു.
ഗവർണറേറ്റിലെ തൊഴിൽ അന്വേഷകരുടെ നിരക്ക് 3.8 ശതമാനമായി കുറഞ്ഞു. തൊഴിൽ പദ്ധതികളുടെ ഭാഗമായി 580 പേർക്ക് ജോലി ലഭിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 116 കരാറുകളും അനുവദിച്ചു.ഈ വർഷം 11 നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തിയതായും നാല് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ച് പ്രവർത്തനസജ്ജമാക്കിയതായും മുസന്ദം ഗവർണറുടെ ഓഫീസിലെ ഒമാൻ വിഷൻ 2040 പദ്ധതി നിർവഹണ മേൽനോട്ട വിഭാഗം ഡയറക്ടർ മഹ്ജ ബിൻത് മുഹമ്മദ് അൽ ഷെഹി വ്യക്തമാക്കി.
അടിസ്ഥാന സേവനങ്ങളുടെ കാര്യത്തിൽ മുസന്ദം തുടർച്ചയായി നാലുതവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സർക്കാർ സേവനങ്ങളിലെ ജനസംതൃപ്തി 83 ശതമാനത്തിലെത്തി. സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ 680 പേർ രജിസ്റ്റർ ചെയ്തതായും 17 വിനോദ, കായിക കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയതായും അധികൃതർ അറിയിച്ചു.
ഖസബ് തുറമുഖ വികസനം, പുതിയ മുസന്ദം വിമാനത്താവളം, പ്രത്യേക സാമ്പത്തിക-വിനോദസഞ്ചാര മേഖല എന്നിവയാണ് ഗവർണറേറ്റിലെ പ്രധാന വികസന പദ്ധതികൾ. പുതിയ ഖസബ് ആശുപത്രിയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. മഹാസ് വ്യവസായ നഗരം, മുസന്ദം സാംസ്കാരിക-നവീകരണ കേന്ദ്രം എന്നിവയുടെ വികസനവും പുരോഗമിക്കുകയാണ്.
വിനോദസഞ്ചാരം, മത്സ്യബന്ധനം, സമുദ്രഗതാഗതം, ലോജിസ്റ്റിക്സ് മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

