മുസന്ദം വിമാനത്താവളത്തിന്റെ വി.ഇ പഠനത്തിനൊരുങ്ങുന്നു
text_fieldsമസ്കത്ത്: മുസന്ദം വിമാനത്താവള വികസനത്തിനായുള്ള വാല്യു എൻജിനീയറിങ് (വി.ഇ) പഠനത്തിനുള്ള കൺസൾട്ടൻസി സേവനങ്ങൾക്കായി സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ബിഡുകൾ ക്ഷണിച്ചു. രേഖകൾ ലഭിക്കേണ്ട അവസാന തീയതി മേയ് 11 ആണ്. അതേസമയം ബിഡുകൾ മേയ് 22 വരെ സമർപ്പിക്കാം. പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്തും ചെലവ് കുറച്ചും ഒരു പദ്ധതിയുടെ മൂല്യം വർധിപ്പിക്കുന്നതിനുള്ള ഒരു രീതിയാണ് വാല്യു എൻജിനീയറിങ്.
ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മെറ്റീരിലോ രീതികളോ മാറ്റി ഉപയോഗിച്ചായിരിക്കും ഇത്തരം പ്രവർത്തികൾ നടത്തുക. നിർദ്ദിഷ്ട മുസന്ദം വിമാനത്താവളത്തിന്റെ അന്തിമ രൂപകൽപന പൂർത്തിയായതായും ടെൻഡർ പ്രക്രിയ ആരംഭിക്കുന്നതിനുള്ള ഒരു തന്ത്രം തയാറാക്കുന്നതായും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളം 2028 രണ്ടാം പകുതിയോടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിലെ ഖസബ് വിമാനത്താവളത്തിന് നിരവധി പ്രവർത്തനപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്.
അതുകൊണ്ടുതന്നെ പുതിയ വിമാത്താവളത്തിന് ഏറെ സാധ്യതയാണ് അധികൃതർ കണക്ക് കൂട്ടുന്നത്. ക്രൂസ് ടൂറിസറ്റുകളുൾപ്പെടെ പ്രതിവർഷം 200,000ലധികം വിനോദസഞ്ചാരികളെ ആകർഷിക്കാൻ മുസന്ദത്തിന് കഴിയുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. മികച്ച എയർ കണക്റ്റിവിറ്റി ഉപയോഗിക്കുകയാണെങ്കിൽ ഇത് ഇരട്ടിയാക്കാനും സാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഡിസൈനുകൾ നടപ്പിലാക്കാൻ 18 മാസം, നിർമ്മാണത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ മൂന്നുവർഷം, രണ്ടാം ഘട്ട നിർമ്മാണം നടപ്പിലാക്കാൻ 18 മാസവുമാണ് എയർപോർട്ട് പദ്ധതിയുടെ സമയ പരിധി കണക്കാക്കുന്നത്.
ആദ്യഘട്ടത്തിൽ എയർബസ് 319, ബോയിങ് 737 വിമാനങ്ങൾ ഉപയോഗിക്കുന്നതിന് 45 മീറ്റർ വീതിയിൽ റൺവേ നിർമിക്കും. പ്രതിവർഷം 250,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള പാസഞ്ചർ കെട്ടിടം, എയർ ട്രാഫിക് കൺട്രോൾ ടവർ, 2,520 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള റൺവേ, ടാക്സിവേകൾ, ഫയർ സ്റ്റേഷൻ, ഉപകരണങ്ങൾ നന്നാക്കുന്ന കടകൾ, മറൈൻ റെസ്ക്യൂ സ്റ്റേഷൻ, വിമാനങ്ങൾക്കുള്ള പാർക്കിങ് സ്ഥലങ്ങൾ എന്നിവയും ഒരുക്കും. രണ്ടാം ഘട്ടത്തിൽ, എയർബസ് 330, 350, ബോയിങ് 787, 777 എന്നിവയെ ഉൾക്കൊള്ളാനായി റൺവേ 3,300 മീറ്ററായി വികസിപ്പിക്കും.
ടാക്സിവേകളുടെയും വിമാനങ്ങൾക്കായുള്ള പാർക്കിങ് സ്ഥലങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതിനുപുറമേ എയർക്രാഫ്റ്റ് ഐസൊലേഷൻ യാർഡും ടെർമിനൽ കെട്ടിടവും നിർമിക്കും. മുസന്ദം ഗവർണറേറ്റിൽ ഒമാൻ കൗൺസിൽ, മുനിസിപ്പൽ കൗൺസിലിലെ ചില അംഗങ്ങൾ, ശൈഖുമാർ, വിശിഷ്ടാതിഥികൾ, വ്യവസായികൾ എന്നിവരുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തിയ കൂടിക്കാഴ്ചയിൽ ഗവർണറേറ്റിനെ പ്രാദേശിക, അന്തർദേശീയ വിമാനങ്ങളുമായി ബന്ധിപ്പിക്കുന്ന കാര്യം ഊന്നിപ്പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

