മുസന്ദം വിമാനത്താവളം; ആദ്യഘട്ടം നടപ്പാക്കാനൊരുങ്ങി അധികൃതർ
text_fieldsമസ്കത്ത്: മുസന്ദം വിമാനത്താവള നിർമാണ പദ്ധതിയുടെ ആദ്യഘട്ടം (കൺസൾട്ടിങ് സ്റ്റഡീസ്) നടക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് നായിഫ് അൽ അബ്രി പറഞ്ഞു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ 2022ലെ നേട്ടങ്ങളും നടപ്പുവർഷത്തെ പദ്ധതികളെ കുറിച്ചും വാർത്തസമ്മേളനത്തിൽ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാനങ്ങളുടെ സഞ്ചാരം കഴിഞ്ഞ വർഷം 87 ശതമാനം വർധിച്ചു.
യാത്രക്കാരുടെ എണ്ണം ഏകദേശം 86,02,000 ആയി, 129 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ ചരക്ക് ഗതാഗതം 34 ശതമാനം ഉയർന്നുവെന്ന് അബ്രി പറഞ്ഞു. ഒമാനിൽ കഴിഞ്ഞ വർഷം ആകെ എത്തിയത് 4,70,809 വിമാനങ്ങളാണ്. 38639 വിമാനങ്ങളാണ് വ്യോമ മേഖലയിലൂടെ കടന്നുപോയത്.
കഴിഞ്ഞ വർഷത്തെ അതോറിറ്റിയുടെ മൊത്തം വരുമാനം 2.64 കോടി റിയാലാണ്. 58 ശതമാനം വർധിച്ചു. സുഹാർ വിമാനത്താവളത്തിൽ വിമാന ഗതാഗതത്തിൽ 28 ശതമാനവും യാത്രക്കാരുടെ എണ്ണത്തിൽ 122 ശതമാനവും വർധനയുണ്ടായി. ദുകം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 37 ശതമാനം വർധനയുണ്ടായപ്പോൾ വിമാന ഗതാഗതം 21 ശതമാനം കുറഞ്ഞു.
വ്യോമ ഗതാഗത സുരക്ഷക്കായുള്ള ദേശീയ പദ്ധതി, ഹൈഡ്രജൻ ജനറേറ്റർ സ്ഥാപിക്കാനുള്ള പദ്ധതി, ബർക വിലായത്തിൽ പുതിയ ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയവ കഴിഞ്ഞ വർഷത്തെ അതോറിറ്റിയുടെ നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

