തുടർചികിത്സക്കായി മുനീർ നാട്ടിലേക്ക് തിരിച്ചു; സുമനസ്സുകൾക്ക് നിറഞ്ഞ നന്ദിയോടെ....
text_fieldsമുനീർ ആശുപത്രിക്കിടക്കയിൽ. പി.സി.എഫ് ഭാരവാഹികൾ
സമീപം
സലാല: അപെൻഡിക്സ് പൊട്ടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ സലാല ബദർ സമ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുനീർ തുടർചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു. കോട്ടക്കൽ കൂക്കിപറമ്പ് സ്വദേശിയായ ഇദ്ദേഹം തുംറൈത്തിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ്. ഒക്ടോബർ ഏഴിന് വൈകീട്ട് കലശലായ വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് തുംറൈത്ത് ഹെൽത്ത് സെന്ററിൽ എത്തിയത്. എന്നാൽ അസഹ്യമായ വേദന വർധിക്കുകയാണ് ചെയ്തത്. അവിടുത്തെ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് ടിസ പ്രവർത്തകരുടെയും സഹ ജോലിക്കാരുടെയും സഹായത്തോടെയാണ് സലാലയിൽ എത്തിച്ചത്.
സലാല ബദർ സമയിൽ എത്തിയ ഉടനെ രാത്രിതന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് രോഗിയെ രക്ഷപ്പെടുത്തിയത്. അപെൻഡിക്സിന് ഇദ്ദേഹം നേരത്തെ മറ്റൊരു ക്ലിനിക്കിൽ ചികിത്സിച്ചിരുന്നു. ആശുപത്രി ബില്ലടക്കുന്നതിനും മറ്റും കടക്കാരനായ ഇദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. ഈ ഘട്ടത്തിൽ പി.സി.എഫ് സലാലയും ലീഡേഴ്സ് ഫോറവുമാണ് സഹായത്തിനെത്തിയത്.
ബദർ സമ മാനേജ്മെന്റും കാര്യമായി സഹായിച്ചതായി മുനീർ പറഞ്ഞു. തുടർ ചികിത്സക്കും മറ്റുമായി പി.സി.എഫ് പ്രവർത്തകർ അവരുടെ ഒരു ദിവസത്തെ വരുമാനം ശേഖരിച്ച് നൽകി. വിവിധ സംഘടനകളിൽനിന്ന് ശേഖരിച്ച 500 റിയാൽ ലീഡേഴ്സ് ഫോറവും കൈമാറി. സലാലയിലെ നല്ലവരായ പൗരസമൂഹവും സഹായിച്ചതായി പി.സി.എഫ് ഭാരവാഹികൾ പറഞ്ഞു. എല്ലാവർക്കും നന്ദി പറഞ്ഞാണ് മുനീർ യാത്രയായത്. വ്യാഴാഴ്ച കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചു. പി.സി.എഫ് ഭാരവാഹികളായ റസാഖ് ചാലിശ്ശേരി, ഇബ്രാഹിം വേളം, കബീർ അഹമ്മദ്, ഉസ്മാൻ വാടാനപ്പള്ളി, വാപ്പു വല്ലപ്പുഴ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

