ശുചിത്വക്കുറവ്; റസ്റ്റാറൻറുകൾക്ക് കർശന മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ
text_fieldsമസ്കത്ത്: റസ്റ്റാറൻറുകളും ഭക്ഷണശാലകളും ആരോഗ്യ, സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മസ്കത്ത് നഗരസഭ നിർദേശിച്ചു.
ശുചിത്വത്തിൽ ശ്രദ്ധിക്കാത്ത, പഴകിയ ഭക്ഷണങ്ങളും വൃത്തിഹീനമായ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നതുമായ റസ്റ്റാറൻറുകൾക്കും ഭക്ഷണശാലകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മസ്കത്ത് നഗസരഭ മുന്നറിയിപ്പ് നൽകി.
ആരോഗ്യ, ഭക്ഷ്യ സുരക്ഷാ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്നവർ ഉടൻ നഗരസഭയെ വിവരമറിയിക്കണം. ഇതിന് 1111 എന്ന ടോൾഫ്രീ നമ്പറോ, മസ്കത്ത് നഗസഭ കമ്യൂണിക്കേഷൻ സെൻററിനെയോ ബന്ധപ്പെടാം. നഗരസഭയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ മുഖേനയും പരാതി സമർപ്പിക്കാം. ശുചിത്വം പാലിക്കാത്ത റസ്റ്റാറൻറുകൾക്ക് കടിഞ്ഞാണിടുന്ന നടപടികളുടെ ഭാഗമായി പതിവു പരിശോധനകൾ നടത്തിവരുന്നുണ്ട്. കഴിഞ്ഞമാസം തലസ്ഥാന ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 848 കിലോ പച്ചക്കറികളും 310 കിലോ മത്സ്യ അനുബന്ധ ഉൽപന്നങ്ങളും 462 കിലോ പഴവർഗങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. അസാന്മാർഗിക പ്രവർത്തനങ്ങൾ തടയാനുള്ള പതിവു പരിശോധനകളുടെ ഭാഗമായിട്ടായിരുന്നു പരിശോധനകളെന്ന് മസ്കത്ത് നഗരസഭ പ്രസ്താവനയിൽ അറിയിച്ചു.
നഗരസഭ ജനറൽ ഡയറക്ടറേറ്റിലെ അർബൻ ഇൻസ്പെക്ഷൻ വിഭാഗത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഒാഫ് മാർക്കറ്റ് െറഗുലേഷെൻറ കീഴിലാണ് മിന്നൽ പരിശോധനകൾ നടക്കുന്നത്. റസ്റ്റാറൻറുകളിൽ ശുചിത്വം പ്രോത്സാഹിപ്പിക്കാനും ആരോഗ്യനിലവാരം ഉയർത്താനും നഗരസഭ കഴിഞ്ഞവർഷം ഗ്രേഡിങ് സമ്പ്രദായം ആരംഭിച്ചിരുന്നു. പഴവർഗങ്ങൾ, പച്ചക്കറികൾ, അച്ചാർ തുടങ്ങിയവയിലെ കീടനാശിനിയുടെ അളവ് കണ്ടെത്തുന്നതിനായുള്ള ‘പ്രോ ആക്ടിവ് ഫുഡ് സേഫ്റ്റി ആൻഡ് ഹെൽത്ത് പ്രോജക്ടിനും അടുത്തിടെ നഗരസഭ തുടക്കമിട്ടിരുന്നു.
വിദഗ്ധർ ഭക്ഷണശാലകളും മറ്റും സന്ദർശിച്ച് പരിശോധന നടത്തുകയാണ് ചെയ്യുന്നത്. ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ടവരുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഭാവിയിൽ കൂടുതൽ പഠനത്തിനും ഗവേഷണത്തിനുമായുള്ള വിവിര ശേഖരണവുമാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ജനറൽ ഡയറക്ടറേറ്റ് വക്താവ് പറഞ്ഞു. വിദേശികളായ തെരുവു കച്ചവടക്കാരെയും പിടികൂടിയിട്ടുണ്ട്. ഇവരിൽനിന്ന് പഴങ്ങളും പച്ചക്കറികളും ഇറച്ചിയും മത്സ്യവും പുകയിലയും മറ്റും പിടിച്ചെടുത്തു. ഇവർക്കെതിരെ 15 നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഗരസഭയുടെ ലൈസൻസില്ലാതെ തികച്ചും അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്നു ഇവർ സാധനങ്ങൾ വിൽപന നടത്തിയിരുന്നതെന്ന് നഗരസഭ വക്താവ് അറിയിച്ചു. ഇവർക്ക് വലിയ തുക പിഴയും ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
