ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പൽ കൂട്ടിയിടിച്ച് കത്തി; 24പേരെ രക്ഷപ്പെടുത്തി
text_fieldsഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചപ്പോൾ
മസ്കത്ത്: ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പൽ കൂട്ടിയിടിച്ച് തീ പിടിച്ചു. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആൻഡ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് യു.എ.ഇ കോസ്റ്റ് ഗാർഡ് വിഭാഗം അറിയിച്ചു. യു.എ.ഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെ ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.40 ന് ആണ് അപകടം. അഡലിന എന്ന എന്ന കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോർഫക്കാൻ തുറമുഖത്തെത്തിക്കുകയും ചെയ്തു. അപകടം നടന്ന ഉടൻതന്നെ തിരച്ചിൽ, രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽ പെട്ടത് എന്നാണ് വിവരം. ഇറാഖിലെ ബസ്റ ഓയിൽ ടെർമിനലിൽ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച ഒമ്പതരയോടെ പുറപ്പെട്ട കപ്പലാണ് അപകടത്തിൽപെട്ടത്.
12.8 നോട്ട് വേഗത്തിൽ നേർദിശയിൽ തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. ഖോർഫക്കാനിൽ നിന്ന് സൂയസ് കനാൽ ലക്ഷ്യമാക്കി നീങ്ങിയ അഡലിനിലെ നാവികർ തൊട്ടുമുന്നിലെത്തിയ ശേഷമാണ് ഭീമൻ ടാങ്കർ കണ്ടത്. അമേരിക്കൻ കപ്പലിലെ എൻജിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
സമീപകാല പ്രാദേശിക സംഭവങ്ങളുമായി കൂട്ടിയിടിക്ക് ബന്ധപ്പെട്ടതല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഇറാനും ഇസ്രായേലും തുടർച്ചയായി അഞ്ചു ദിവസമായി ആക്രമണങ്ങൾ നടത്തുന്ന ഹോർമുസ് കടലിടുക്കിന് സമീപം നടന്നുകൊണ്ടിരിക്കുന്ന ശത്രുതയുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷ സ്ഥാപനമായ ആംബ്രെ പറഞ്ഞു.
പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഒരു നിർണായക ആഗോള കപ്പൽ പാതയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

