മുലദ്ദ ഇന്ത്യന്‍ സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമുലദ്ദ ഇന്ത്യന്‍ സ്കൂളിൽ നടന്ന ഓണാഘോഷം
മസ്കത്ത്: മുലദ്ദ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. മുലദ്ദ ഇന്ത്യന്‍ സ്കൂളിലെയും സഹസ്ഥാപനമായ സഹം ഇന്ത്യന്‍ സ്കൂളിലെയും അധ്യാപകരും അനധ്യാപക ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. വർണാഭമായ പൂക്കളവും പരമ്പരാഗത കേരളീയ വേഷവിധാനവും ആഘോഷത്തിന് നിറച്ചാര്‍ത്തേകി. പ്രാർഥനാഗാനത്തോടെ പരിപാടി ആരംഭിച്ചു. ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ മനസ്സിന് ഉണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ സംസാരിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഇള അനില്‍ കുമാര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
വിദ്യാലയത്തിന്റെ ഉന്നമനത്തിനായി അധ്യാപകര്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം എന്ന് അദ്ദേഹം പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു. അധ്യാപികമാരുടെ തിരുവാതിരക്കളി, വിവിധ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഓണപ്പാട്ടുകള്‍, അധ്യാപകരുടെ വള്ളംകളി എന്നിവ പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി. അധ്യാപകര്‍ക്കായി ലെമണ്‍ ആൻഡ് സ്പൂണ്‍, കലം ഉടക്കല്‍, മ്യൂസിക്കല്‍ ചെയര്‍, വടംവലി തുടങ്ങിയ മത്സര ഇനങ്ങളും സംഘടിപ്പിച്ചു. അധ്യാപകരുടെ കുട്ടികള്‍ക്കായും മ്യൂസിക്കല്‍ ചെയര്‍ മത്സരം സംഘടിപ്പിച്ചു. ഓണം പ്രോഗ്രാം കോഓഡിനേറ്റര്‍ എം. സന്തോഷ് നന്ദി രേഖപ്പെടുത്തി. സ്വാദിഷ്ടമായ ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.