മുഗ്സൈൽ ബീച്ച് വീണ്ടും തുറന്നു
text_fieldsമസ്കത്ത്: സലാലയിലെ മുഗ്സൈൽ ബീച്ച് സഞ്ചാരികൾക്കായി വീണ്ടും തുറന്നുകൊടുത്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇവിടേക്ക് ആളുകളെ പ്രവേശിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം, ഇവിടെ എത്തുന്ന സഞ്ചാരികൾ പൊതുസുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. സംരക്ഷണ വേലി അതിക്രമിച്ചുകടക്കാതിരിക്കുക, കുട്ടികളെ നിരീക്ഷിക്കുക, അപകടകരമായ സ്ഥലങ്ങളിൽനിന്നും പാറക്കെട്ടുകളിൽനിന്നും അകന്നുനിൽക്കുക തുടങ്ങിയവ പാലിക്കണമെന്നും ആവശ്യപ്പെട്ടു. ജൂലൈ പത്തിന് ഇന്ത്യക്കാരായ അഞ്ച് ആളുകളെ ഇവിടെ കടലിൽവീണ് കാണാതായിരുന്നു. ഇതേ തുടർന്നാണ് ബീച്ച് താൽക്കാലികമായി അധികൃതർ അടച്ചിട്ടിരുന്നത്. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

