തുംറൈത്തിൽ 5.3 ദശലക്ഷം റിയാലിന്റെ മുരിങ്ങക്കൃഷി
text_fieldsസലാല: ദോഫാർ ഗവർണറേറ്റിലെ തുംറൈത്തിൽ 5.3 ദശലക്ഷം റിയാൽ ചെലവിൽ മുരിങ്ങമരങ്ങൾ വളർത്തുന്നതിന് പദ്ധതി ഒരുങ്ങുന്നു. മുരിങ്ങമരങ്ങൾ വളർത്തുന്നതിനും ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സുസ്ഥിരത, കയറ്റുമതി വൈവിധ്യവത്കരണം എന്നിവയെ പിന്തുണക്കുന്ന ഉപോൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പ്രധാന കാർഷികനിക്ഷേപ പദ്ധതിക്കുള്ള കരാർ ഒപ്പുവെച്ചു.
തുംറൈത്തിലെ ഹാൻഫിത്ത് പ്രദേശത്തെ 10.5 മില്യൺ ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് ഇവ ഒരുക്കുക. ഇതിനുള്ള പാട്ടക്കരാറിൽ ഭവന, നഗരാസൂത്രണ മന്ത്രാലയവും കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ചു. ട്രൂഫുദിന്റെ നേതൃത്വത്തിലാണ് പദ്ധതി യാഥാർഥ്യമാക്കുക.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ്, ഭവന, നഗരാസൂത്രണമന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷുഐലി, കൃഷി, മത്സ്യബന്ധനം, ജലവിഭവമന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി, ട്രൂഫുദ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
സുസ്ഥിര കാർഷികനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുമുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായി കൃഷി, ഉൽപാദനം, വിതരണശൃംഖലകൾ എന്നിവയെ ബന്ധിപ്പിക്കുന്ന സവിശേഷ നിക്ഷേപസംരംഭമാണ് പദ്ധതി. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിപണികളിലേക്ക് മുരിങ്ങ അധിഷ്ഠിത ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലൂടെ നാല് ദശലക്ഷം മുതൽ അഞ്ചുദശലക്ഷംവരെ വാർഷികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഈ പദ്ധതി 500ലധികം നേരിട്ടുള്ള തൊഴിലവസരങ്ങളും ലോജിസ്റ്റിക്സ്, പാക്കേജിങ്, വിതരണ സേവനങ്ങൾ എന്നിവയിൽ അധിക തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സംരംഭകത്വം വർധിപ്പിക്കുകയും ദോഫാറിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പോഷകഗുണങ്ങൾക്കും ഔഷധഗുണങ്ങൾക്കും പേരുകേട്ടതാണ് മുരിങ്ങ. ആരോഗ്യ ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്ന എണ്ണകളും പൊടികളും ഉൽപാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. വാണിജ്യലക്ഷ്യങ്ങൾക്കുപുറമെ, പരിസ്ഥിതി ആനുകൂല്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. 15 ദശലക്ഷം മുരിങ്ങമരങ്ങൾ നടുന്നത് പ്രതിവർഷം 400,000 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

