‘ഫാക് കുർബ’ കാമ്പയിനിലൂടെ ഇതുവരെ 8,000ത്തിലധികം പേർ മോചിതരായി
text_fieldsമസ്കത്ത്: ക്രിമിനൽ കേസുകളിലല്ലതെ തടവിലാവുകയും സാമ്പത്തിക പ്രതിസന്ധി മൂലം പുറത്തിറങ്ങാൻ കഴിയാതാവുകയും ചെയ്ത തടവുകാരെ സഹായിക്കുന്നതിനായി ഒമാനി ലോയേഴ്സ് അസോസിയേഷൻ ആരംഭിച്ച മനുഷ്യാവകാശ സംരംഭമായ ‘ഫാക് കുർബ’യുടെ കാമ്പയിനലടെ ഇതുവരെ 8,000 ത്തിലധികം പേർ മോചിതരായതായി കണക്ക്. കാമ്പയിനിന്റെ 13ആം പതിപ്പ് ഉദ്ഘാടന ചടങ്ങിാണ് ഈ വിവരം അറിയിച്ചത്. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലായിരുന്നു പതിമൂന്നാം പതിപ്പിന്റെ ഉദ്ഘാടനം. ചടങ്ങിൽ മുൻ പതിപ്പുകളുടെ ഫലങ്ങളും അവലോകനം ചെയ്തു. 12ആം പതിപ്പിൽ മാത്രം 1,088 പേർ മോചിതരായി.
പദ്ധതി രാജ്യത്തെ മാതൃകാപരമായ മനുഷ്യാവകാശ-സാമൂഹിക പ്രവർത്തനമായി മാറിയതായി ഒമാനി ലോയേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ. ഹമദ് ബിൻ ഹംദാൻ അൽ റുബൈ പറഞ്ഞു. ഔദ്യോഗിക, സാമൂഹിക മേഖലകളുടെ സംയുക്ത സഹകരണമാണ് പദ്ധതിയുടെ തുടർച്ചയായ വിജയത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ പതിപ്പുകളുടെ നേട്ടങ്ങൾ പദ്ധതിയോടുള്ള സമൂഹത്തിന്റെ വിശ്വാസവും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ദാനികളുടെയും ശക്തമായ പിന്തുണയും തെളിയിക്കുന്നതാണെന്ന് അൽ റുബൈ വ്യക്തമാക്കി. മനുഷ്യാവകാശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇവരുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ, സിവിൽ, തൊഴിൽ, ശരീഅത്ത് കേസുകളിൽ മാത്രമായി തടവിലായതോ അറസ്റ്റ് വാറണ്ട് ഉള്ളതോ ആയ സാമ്പത്തികമായി പിന്നാക്കം നിൽക്കന്ന വ്യക്തികളെയാണ് പദ്ധതി പരിഗണിക്കുന്നത്. അവകാശവാദ തുക 2,000 ഒമാനി റിയാൽ കവിയരുത് എന്നതും മുൻ പതിപ്പുകളിൽ സഹായം ലഭിച്ചിരിക്കരുത് എന്നതും നിബന്ധനയാണ്. അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് കൗൺസിൽ ഓഫ് ദ ജുഡീഷറിയിൽ നിന്നാണ് കേസുകൾ സ്വീകരിക്കുന്നത്. 2012ൽ ആരംഭിച്ച ‘ഫക് കുര്ബ’ സംരംഭം ഇതുവരെ 8,198ത്തിലധികം പേരെ മോചിപ്പിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

