ഒമാൻ കാരുണ്യത്താൽ കൈകോർത്തു; രണ്ടു കുഞ്ഞുങ്ങളുടെ ചികിത്സക്കായി സമാഹരിച്ചത് 37 കോടിയിലേറെ !
text_fieldsമസ്കത്ത്: ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന രണ്ട് ഒമാനി കുട്ടികളുടെ ചികിത്സക്കായി രാജ്യവ്യാപകമായി നടത്തിയ ധനസമാഹരണ യജ്ഞം ലക്ഷ്യം കണ്ടു. അഹമ്മദ് അൽ അജ്മി, സാലിം അൽ ഷീദി എന്നീ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായി ഒമാനിലെ പ്രവാസികളും സ്വദേശികളും ജീവകാരുണ്യ സംഘടനകളും കൈകോർത്തപ്പോൾ സമാഹരിക്കാനായത് 1.5 മില്യണിലധികം ഒമാനി റിയാലാണ്. ഏകദേശം 37 കോടിയിലേറെ രൂപ ! ക്രുണയുടെ കരങ്ങൾ പിഞ്ചുകുഞ്ഞുങ്ങൾക്കായി ചൊരിഞ്ഞപ്പോൾ ലക്ഷ്യമിട്ടതിനേക്കാൾ വലിയ തുക വളരെ പെട്ടെന്നുതന്നെ സമാഹരിക്കാനായി.
ചികിത്സാ സഹായ നിധിയിലേക്ക് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷെയ്ഖ് സാലിം മുസ്തഹിൽ അൽ മഷാനി നൽകിയ 4,05,000 റിയാലിന്റെ വൻ സംഭാവനയാണ് ഈ ദൗത്യം വേഗത്തിൽ വിജയത്തിലെത്തിക്കാൻ സഹായിച്ചത്. സാലിം അൽ ഷീദിയുടെ ചികിത്സക്കായി ആവശ്യമായിരുന്ന മുഴുവൻ തുകയും ഒറ്റയടിക്ക് അദ്ദേഹം ഏറ്റെടുത്തുകൈമാറി. സമുഹമാധ്യമങ്ങളിലടക്കം ഷെയ്ഖ് സാലിമിന്റെ മാതൃകാപരമായ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ നിറയുകയാണ്.
‘സലാല വളണ്ടിയർ ടീം’ ആണ് ഈ ധനസമാഹരണത്തിന് നേതൃത്വം നൽകിയത്. സംഘാടകർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, അഹമ്മദ് അൽ അജ്മിയുടെ ചികിത്സാ കാമ്പയിൻ പൂർത്തിയാക്കാൻ 1,092,000 റിയാലും (ഏകദേശം 27 കോടിയിലേറെ രൂപ), സാലിം അൽ ഷീദിക്കായി 295,000 റിയാലുമാണ് (ഏകദേശം 7.31 കോടി രൂപ) മാറ്റിവെച്ചത്. രണ്ടു കുട്ടികളുടെയും ചികിത്സക്കായി ആവശ്യമുള്ള തുകയേക്കാൾ കൂടുതൽ വന്ന ബാക്കി തുക, ഔദ്യോഗിക നടപടിക്രമങ്ങളിലൂടെ മറ്റ് അർഹരായ രോഗികൾക്കായി എങ്ങനെ വിനിയോഗിക്കുമെന്നത് സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ബാങ്ക് വഴിയുള്ള കൈമാറ്റങ്ങളും മറ്റ് സഹായ വാഗ്ദാനങ്ങളും ഇപ്പോഴും തുടരുകയാണ്.
കാമ്പയിൻ വിജയമാക്കാൻ സഹായിച്ച എല്ലാ ദാതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും സലാല വളണ്ടിയർ ടീം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഒമാന്റെ പരമ്പരാഗതമായ സംസ്കാരത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും നേർക്കാഴ്ചയായിരുന്നു ഈ ദിവസങ്ങളിൽ സുൽത്താനേറ്റിൽ കണ്ടത്. സലാല വളണ്ടിയർ ടീം, ഹയാ ചാരിറ്റി ടീം, താഖ ചാരിറ്റി ടീം, ഒമാനി ബഹ്ജ ഓർഫൻ സൊസൈറ്റി തുടങ്ങിയ നിരവധി സംഘടനകളും ആയിരക്കണക്കിന് വ്യക്തികളും ഈ വലിയ ദൗത്യത്തിൽ അണിചേർന്നു. രോഗബാധിതരായ അഹമ്മദിന്റെയും സാലിമിന്റെയും കുടുംബങ്ങൾക്കാകട്ടെ, കണ്ണീരിന്റെയും ആശങ്കകളുടെയും ദിനങ്ങൾക്കാണ് ഇതോടെ അറുതിയാകുന്നത്. തങ്ങളുടെ മക്കൾ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

