ഹരിതമേഖലകളിൽനിന്ന് 2,000 ത്തിലധികം വാഹനങ്ങൾ നീക്കി
text_fieldsസലാല: ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിലെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഫീൽഡ് പ്രവർത്തനങ്ങൾ ‘എൻവയോൺമെന്റൽ ഗാർഡിയൻസ്’ സംഘം ശക്തമാക്കി.
നിയമലംഘനം നടത്തി ഹരിതപ്രദേശങ്ങളിൽ പാർക്ക് ചെയ്ത 2,427 വാഹനങ്ങൾ സംഘം ഇതുവരെ നീക്കം ചെയ്തു. ദോഫാർ മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പോലീസ് എന്നിവരുമായി സഹകരിച്ചാണ് ഈ കർശന പരിശോധന നടക്കുന്നത്.
ജൂലൈ 30-ന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പുൽമേടുകളിൽ പ്രവേശിച്ച 29 വാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുകയും, പരിസ്ഥിതി ലോലമായ 197 സ്ഥലങ്ങൾ താൽക്കാലികമായി അടക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട 92 പരാതികളിലും സംഘം അടിയന്തര നടപടിയെടുത്തു. ഖരീഫ് സീസണിൽ ദോഫാറിലെ പ്രകൃതിഭംഗി നിലനിർത്തുക, പരിസ്ഥിതി നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സന്ദർശകരിൽ ഉത്തരവാദിത്തബോധമുള്ള ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ‘എൻവയോൺമെന്റൽ ഗാർഡിയൻസ്’ പദ്ധതിയിലൂടെ ഒമാൻ പരിസ്ഥിതി അതോറിറ്റി ലക്ഷ്യമിടുന്നത്.
ദോഫാർ ഗവർണറേറ്റിൽ അനുമതിയില്ലാതെ വന്യജീവികളെ പിന്തുടരുന്നതും അവയുടെ സ്വാഭാവിക പ്രകൃതിയിൽ വെച്ച് ചിത്രീകരിക്കുന്നതും നിയമലംഘനമാണെന്ന് പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വന്യജീവികളുടെ സുരക്ഷക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

