ഒമാനിൽ വീണ്ടും മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ഒരിടവേളക്കുശേഷം ഒമാനിൽ വീണ്ടും മഴക്ക് സാധ്യത. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ന്യൂനമർദത്തിന്റെ സ്വാധീനത്തിലാണ് സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയിൽ മാറ്റം പ്രവചിക്കുന്നത്. മുസന്ദമിലാണ് കൂടുതലും മഴപ്രതീക്ഷിക്കുന്നത്.
നാഷണൽ മൾട്ടി-ഹസാർഡ് എർലി വാർണിങ് സെന്ററിന്റെ അറിയിപ്പനുസരിച്ച്, ഇടക്കിടെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് തിങ്കൾ, ചൊവ്വ ദിവങ്ങളിൽ മഴ ശക്തമായേക്കുമെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച മുസന്ദം ഗവർണറേറ്റിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ഇടക്കിടെ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു. ചിലയിടങ്ങളിൽ ഇടിമിന്നലുണ്ടാകാം. അഞ്ചു മുതൽ 10 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം.
തിങ്കളാഴ്ച മുസന്ദത്തിൽ മഴ തുടരും. ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വാദികളിലും ചെറുനദികളിലും വെള്ളപ്പാച്ചിലുണ്ടാകാം. വടക്കൻ ഗവർണറേറ്റുകളിലും അറേബ്യൻ കടൽ തീരപ്രദേശങ്ങളിലും ആകാശം മേഘാവൃതമായിരിക്കുശമന്നും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച വടക്കൻ മേഖലകളിലും തീരദേശങ്ങളിലും മഴയും അന്തരീക്ഷത്തിലെ കാർമേഘങ്ങളും തുടരും. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഇതിനെ തുടർന്ന് പൊടിക്കാറ്റും താപനിലയിൽ കാര്യമായ ഇടിവും ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.
പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലും ദൃശ്യപരത കുറയാൻ സാധ്യതയുള്ള പൊടിക്കാറ്റ് ബാധിത മേഖലകളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങളോടും യാത്രക്കാരോടും അഭ്യർഥിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകൾ നിരന്തരം പിന്തുടരണമെന്നും നിർദേശം നൽകി.
ഡിസംബർ 16 മുതൽ 20 വരെയുള്ള കാലയളവിൽ മുസന്ദം മേഖലയിലും സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിലും കനത്ത മഴ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

