നിയന്ത്രണങ്ങൾ കർക്കശമാക്കി; മണി എക്സ്ചേഞ്ചുകൾ അടച്ചിടും
text_fieldsമസ്കത്ത്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ, നിയന്ത്രണ നടപടികൾ കൂടുതൽ കർക്കശമാക്കി ഒമാൻ. രാജ്യത്തെ മണി എക്സ്ചേഞ്ചുകൾ അടച്ചിടുന്നതടക്കം തീരുമാനങ്ങളാണ് ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം കൈക്കൊണ്ടത്. ഇന്നു മുതൽ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും. സർക്കാർ ഒാഫിസുകളിലെയും ഏജൻസികളിലെയും ജീവനക്കാരുടെ എണ്ണം പരമാവധി 30 ശതമാനമായി കുറക്കാൻ യോഗം നിർദേശിച്ചു. അടിയന്തരാവശ്യങ്ങൾക്ക് മാത്രമുള്ള ജീവനക്കാർ മാത്രം ഒാഫിസിലെത്തിയാൽ മതി. ബാക്കിയുള്ളവർക്ക് ബന്ധപ്പെട്ട അധികൃതരുടെ തീരുമാന പ്രകാരം വീട്ടിലിരുന്നും മറ്റും ജോലി ചെയ്യാവുന്നതാണ്.
പൊതുസ്ഥലങ്ങളിൽ ഒരുതരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. രാജ്യത്ത് എല്ലാത്തരം പ്രസിദ്ധീകരണങ്ങളുടെയും അച്ചടിയും വിതരണവും നിർത്തിവെക്കാൻ ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് അച്ചടിക്കുന്നവയുടെ വിൽപനയും വിതരണവും നിർത്തിവെക്കുകയും വേണം. മണി എക്സ്ചേഞ്ചുകൾ അടച്ചിടുേമ്പാൾ ബാങ്കുകൾ ധനവിനിമയ സേവനം നൽകണം. ‘കോവിഡ്’ മഹാമാരി വ്യാപിക്കാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ബാങ്കുകൾ കൈക്കൊള്ളുകയും വേണം. എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുടെയും ഉപഭോക്തൃ സേവന വിഭാഗങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു.
പൊതുതാൽപര്യാർഥമുള്ള ഇൗ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. ഒാഫിസുകളിലെ ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച് ‘വർക്ക് ഫ്രം ഹോം’ അടക്കം സംവിധാനം ഏർപ്പെടുത്താൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളാൻ സ്വകാര്യ സ്ഥാപനങ്ങളോട് കമ്മിറ്റി നിർദേശിച്ചു. വാണിജ്യ സ്ഥാപനങ്ങളും മറ്റും കറൻസി നോട്ടുകളുടെ ഉപയോഗം പരമാവധി കുറക്കണം. കറൻസി നോട്ടുകൾ വഴി രോഗം പടരാനുള്ള സാധ്യത ഏറെയാണ് എന്നതിനാലാണിത്. പകരം ഇലക്ട്രോണിക് പേമെൻറിെൻറ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
