ഏകീകൃത സേവന, വിനിമയ നിരക്കുമായി മണി എക്‌സ്‌ചേഞ്ച് കമ്പനികൾ
text_fieldsമസ്കത്ത്: ഉപഭോക്തൃ അനുഭവവും സുതാര്യതയും വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്‍റെ ഭാഗമായി ഏകീകൃത സേവന, വിനിമയ നിരക്കുമായി ഒമാനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികൾ. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര പണമയക്കലുകൾക്ക് രണ്ട് റിയാലായാണ് മിനിമം സേവന ചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. സുൽത്താനേറ്റിൽ പ്രവർത്തിക്കുന്ന 13 മണി എക്‌സ്‌ചേഞ്ച് കമ്പനികളും ഈ തുകയാണ് ഇടാക്കുക.
അന്തർദേശീയ പണ കൈമാറ്റവുമായി ബന്ധപ്പെട്ട ഫീസിൽ കൂടുതൽ സ്ഥിരതയും ന്യായവും പ്രദാനം ചെയ്യുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കൂടാതെ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പണമയയ്ക്കുന്നതിന് പൊതുവിനിമയ നിരക്ക് സംവിധാനവും നടപ്പാക്കും. തുല്യവും വിശ്വസനീയവുമായ സാമ്പത്തിക സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മണി എക്‌സ്‌ചേഞ്ച് കമ്പനികളുടെ ഫോറത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നീക്കം.
അതേസമയം, പ്രത്യേക സാഹചര്യം പരിഗണിച്ച് ബംഗ്ലാദേശിലേക്ക് 50 റിയാൽ വരെയുള്ള കൈമാറ്റത്തിന് 1.2 റിയാൽ ആയിരിക്കും ഈടാക്കുക. ഇത് പരിമിത കാലത്തേക്ക് മാത്രമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പണമയക്കുമ്പോൾ അതാത് രാജ്യങ്ങളുടെ പ്രാദേശിക നയങ്ങൾക്കനുസരിച്ച് അധിക ബാങ്ക്-എൻഡ് ചാർജുകളോ ഇൻസെന്റീവുകളോ ഉണ്ടായിരിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. ഏകീകൃത സേവന, നിമയ നിരക്ക് സമ്പ്രദായവും അവതരിപ്പിക്കുന്നതിൽ സന്തുഷ്ടരാണെന്നും ഇത് ഉപഭോക്തൃ സംതൃപ്തിക്കും സുതാര്യതക്കും വേണ്ടിയുള്ള പ്രതിബദ്ധതയെ അടിവരയിടുന്നുതാണെന്നും എക്സ്ചേഞ്ച് കമ്പനി അംഗങ്ങൾ പറഞ്ഞു.
അനധികൃത മാർഗ്ഗങ്ങളിലൂടെയുള്ള പണമയക്കലിന് യാതൊരു പരിരക്ഷയും ഗ്യാരണ്ടിയും ലഭിക്കില്ല. അതിനാൽ, സുതാര്യവും പൂർണമായും സുരക്ഷിതവുമായ പണമടയ്ക്കൽ ചാനലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് മണി എക്‌സ്‌ചേഞ്ച് കമ്പനികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

