മസ്കത്ത്: പുതിയ ഇന്ത്യക്കായാണ് തെൻറ പ്രവർത്തനമെന്നും പ്രവാസി ഇന്ത്യക്കാർ അതിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ഇന്ത്യയില്‍ അഴിമതിയുണ്ടാകില്ല. പദ്ധതികള്‍ വെച്ചു താമസിപ്പിക്കില്ലെന്നും മാറ്റങ്ങൾ എല്ലാവർക്കും അനുഭവിക്കാവുന്ന തരത്തിൽ ഉള്ളതാകുമെന്നും മസ്കത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംേബാധന ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 2022ല്‍ ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നാട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ കാണാം. പ്രവാസികൾക്ക് അഭിമാനത്തോടെ തിരിച്ചുവരാവുന്ന രാജ്യമായിരിക്കും അന്ന് ഇന്ത്യയെന്നും കാണികളിൽ ആവേശം പടർത്തി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മോദി എത്ര കൊണ്ടുപോയി എന്ന് ആരും ചോദിച്ചിട്ടില്ല, എത്ര കൊണ്ടുവന്നു എന്നാണ് ചോദിക്കുന്നത്. പ്രതിപക്ഷത്തിെൻറ വിമർശനങ്ങളെ കണക്കിലെടുക്കാതെയാണ് തെൻറ പ്രവർത്തനം. തെൻറ വിദേശയാത്രകളെ പരിഹസിക്കുന്നവരുണ്ട്. എന്നാൽ, രാജ്യത്തിന് വേണ്ടിയാണ് തെൻറ യാത്രകൾ എന്നത് ഇവർ മനസ്സിലാക്കുന്നില്ല. ഇന്ത്യക്ക് ഒരു വ്യോമയാന നയമുണ്ടായത് ഇപ്പോഴാണ്. ചെറുനഗരങ്ങളിലെ വിമാനത്താവളങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് പദ്ധതിയുണ്ട്. ഹവായ് ചെരിപ്പ് ധരിക്കുന്നവനും ഇനി ഇന്ത്യയില്‍ വിമാനത്തില്‍ സഞ്ചരിക്കുമെന്നും മോദി പറഞ്ഞു. റെയിൽ, റോഡ് ഗതാഗത മേഖലയിലും വികസന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. മുൻ സർക്കാറുകൾ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ പൂർത്തീകരിക്കാൻ ശ്രമിച്ചിരുന്നില്ല. എന്നാൽ, പറയുന്നത് പ്രവർത്തിക്കാൻ തെൻറ സർക്കാർ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെൻറ സന്ദർശനത്തിലൂടെ ഇന്ത്യയും ഒമാനുമായുള്ള നൂറ്റാണ്ട് പഴക്കമുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശിച്ചു. എന്നാല്‍, പ്രവാസികള്‍ക്കായുള്ള പദ്ധതികളെക്കുറിച്ച് മസ്കത്തിലെ പ്രസംഗത്തിലും പരാമര്‍ശമുണ്ടായില്ല. ഇ -മൈഗ്രൻറ് സംവിധാനത്തിലൂടെ പ്രവാസി തൊഴിലാളികളുടെ നിയമനപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പതിവ് പല്ലവി പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ബോഷര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പതിമൂവായിരത്തോളം ഇന്ത്യക്കാര്‍ പങ്കെടുത്തു.
30,000 പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള സ്റ്റേഡിയത്തിൽ 25,000 പേര് എത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. കാണികളെക്കൊണ്ട് ‘ഭാരത്മാതാ കീ ജയ്’ വിളിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കമിട്ടത്. പ്രസംഗം അവസാനിച്ചശേഷം ചെറു വാഹനത്തിൽ സ്റ്റേഡിയത്തെ വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. നാല് ഇന്ത്യൻ പ്രധാനമന്ത്രിമാർ ഇതുവരെ ഒമാൻ സന്ദർശിച്ചിട്ടുണ്ടെങ്കിൽ പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയെന്ന ബഹുമതി മോദി ഇതോടെ സ്വന്തമാക്കി. സുൽത്താൻ സ്റ്റേഡിയത്തിൽ എത്തിയാൽ ഇരിക്കുന്ന റോയൽ ബോക്സിൽ നിന്നാണ് മോദി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തത്. കാണികൾക്കായി കൂറ്റൻ സ്ക്രീനുകളും സ്ഥാപിച്ചിരുന്നു.