മസ്കത്ത്: ഒമാനിൽ പ്രഥമ സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉൗഷ്മള വരവേൽപ്. വൈകുന്നേരം അഞ്ചോടെ ദുബൈയിൽനിന്ന് റോയൽ വിമാനത്താവളത്തിലെത്തിയ മോദിയെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. സ്വീകരണത്തിനുശേഷം നരേന്ദ്ര മോദി റോയൽ ഒമാൻ പൊലീസിലെ പ്രോേട്ടാകോൾ വിഭാഗത്തിെൻറ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന്, മന്ത്രിസഭാ കൗൺസിൽ അംഗങ്ങളടക്കം സ്വീകരണ ചടങ്ങിൽ പെങ്കടുത്തവരെ പരിചയപ്പെട്ടു. സയ്യിദ് ഫഹദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വൈകുന്നേരം ഏഴിന് ബോഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിലെത്തിയ മോദി പ്രവാസി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. നിശ്ചിത സമയത്തിലും ഒരു മണിക്കൂർ വൈകിയാണ് പരിപാടി ആരംഭിച്ചത്. 13000ത്തോളം വരുന്ന കാണികളെ ആവേശത്തിലാഴ്ത്തിയുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണം ഒരുമണിക്കൂറോളം നീണ്ടു. തുടർന്ന് ബൈത്തുൽബർക്ക കൊട്ടാരത്തിൽ സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് ഒരുക്കിയ അത്താഴവിരുന്നിലും മോദി പെങ്കടുത്തു. സുൽത്താനുമായി നടത്തിയ കൂടികക്കാഴ്ചയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്തു.
മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ്, അന്താരാഷ്ട്ര സഹകരണത്തിനുള്ള ഉപപ്രധാനമന്ത്രി സയ്യിദ് അസദ് എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ന് ഒമാനി ബിസിനസ് പ്രമുഖരുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യയിലെ നിക്ഷേപാവസരങ്ങളുടെ സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് സുൽത്താൻ ഖാബൂസ് ഗ്രാൻറ് മൊസ്ക്, മത്രയിലെ ശിവക്ഷേത്രം എന്നിവ സന്ദർശിക്കും.
തുടർന്ന് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങും. ദേശീയ സുരക്ഷാ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, വിദേശകാര്യമന്ത്രാലയം ഒൗദ്യോഗിക വക്താവ് തുടങ്ങിയവർ മോദിയെ അനുഗമിക്കുന്നുണ്ട്.