വാദി ദർബാത്തിൽ ഹരിതപ്രദേശങ്ങളുടെ ദുരുപയോഗം; ടൂറിസം സ്ഥാപനത്തിനെതിരെ കേസ്
text_fieldsസലാല: വാദി ദർബാത്തിലെ സംരക്ഷിത ഹരിതപ്രദേശങ്ങൾക്ക് മുകളിലൂടെ വാഹനം ഓടിച്ചുകയറ്റി സസ്യജാലങ്ങൾ നശിപ്പിച്ച സംഭവത്തിൽ ടൂറിസം കമ്പനിക്കെതിരെ പിഴ ചുമത്തി. ഫോർവീൽ വാഹനങ്ങളും വലിയ ട്രക്കും ഓടിച്ചുകയറ്റിയാണ് സസ്യങ്ങൾ നശിപ്പിച്ചത്. പരിസ്ഥിതിലംഘനം ചൂണ്ടിക്കാണിച്ചാണ് കമ്പനിക്കെതിരായ നടപടി.
പരിസ്ഥിതിസംരക്ഷണനിയമത്തിലെ ആർട്ടിക്കിൾ 21 പ്രകാരമാണ് ടൂറിസം കമ്പനിക്കെതിരെ പിഴ ചുമത്തിയത്. പ്രകൃതിദത്ത സസ്യങ്ങളെയും ഹരിത ഇടങ്ങളെയും ദോഷകരമായി ബാധിക്കുന്നതോ നശിപ്പിക്കുന്നതോ ആയ പ്രവർത്തനങ്ങൾ നിരോധിക്കുന്ന ചട്ടമാണിത്.
അതേസമയം, ഖരീഫ് സീസണിൽ പ്രകൃതിയെ സംരക്ഷിക്കാനുള്ള കാമ്പയിനുമായി പരിസ്ഥിതി അതോറിറ്റി ഊർജിതമാക്കിയിട്ടുണ്ട്. തിരക്കേറിയ ടൂറിസം കാലയളവിൽ ഗവർണറേറ്റിന്റെ സമ്പന്നമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ അവബോധം ശക്തിപ്പെടുത്തുന്നതിനും പങ്കി ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കാമ്പയിൻ ശ്രമിക്കുന്നു.
ദോഫാറിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻവയൺമെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭം ടൂറിസംവളർച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കേണ്ടതിന്റെ വർധിക്കുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു. ദോഫാറിന്റെ സമ്പദ്വ്യവസ്ഥക്കും സ്വത്വത്തിനും ഖരീഫ് ഒരു സുപ്രധാന സീസണാണ്. എന്നാൽ ഇത് പരിസ്ഥിതിക്ക് വെല്ലുവിളികളും ഉയർത്തുന്നു. ദോഫാറിന്റെ പാരിസ്ഥിതിക സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യാതെ സന്ദർശകർക്ക് അതിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് പരിസ്ഥിതിസംരക്ഷകരുടെ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്.
കാമ്പയിന്റെ ഭാഗമായി സലാല, താഖ, മിർബാത്ത് എന്നിവിടങ്ങളിലെ നിലവിലുള്ള പരിസ്ഥിതി യൂനിറ്റുകളെയും മറ്റ് പ്രധാന മേഖലകളെയും സഹായിക്കുന്നതിന് നാല് പ്രത്യേക മേൽനോട്ടസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ ടീമുകൾ പ്രധാന വിനോദസഞ്ചാര, പ്രകൃതിദത്ത സ്ഥലങ്ങളിൽ പട്രോളിങ് നടത്തുകയും പരിസ്ഥിതിനിയമങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കുകയും പൊതുജനങ്ങളിൽ അവബോധം വളർത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

