മിഷൻ വിങ്സ് ഓഫ് കംപാഷൻ: ആദ്യ ടിക്കറ്റ് താഹിറിന്
text_fieldsമസ്കത്ത്: അമിത രക്തസമ്മർദത്തെ തുടർന്ന് ഇബ്രിയിൽ ശരീരം തളർന്ന് കിടക്കുന്ന എറണാകുളം പാനായിക്കുളം സ്വദേശി താഹിറിന് നാടണയാൻ വഴിയൊരുങ്ങി. മെയ് 17 ഞായറാഴ്ച ഉച്ചക്ക് മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനത്തിലാണ് താഹിർ പോകുന്നത്. ജ്യേഷ്ഠപുത്രൻ അൻസലും അനുഗമിക്കുന്നുണ്ട്. താഹിറിനുള്ള വിമാന ടിക്കറ്റ് ഗൾഫ് മാധ്യമം-മീഡിയാവൺ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകി. പ്രയാസമനുഭവിക്കുന്നവർക്ക് നാടണയാൻ തുണയേകുന്നതിനായി ഗൾഫ് മാധ്യമവും മീഡിയാവണ്ണും ഉദാരമതികളുടെ സഹായത്തോടെ നടപ്പാക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ ഒമാനിൽ നൽകുന്ന ആദ്യ വിമാന ടിക്കറ്റാണിത്.
താഹിറിെൻറ ദുരിത ജീവിതത്തെ കുറിച്ച് ഗൾഫ് മാധ്യമം കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരത്ത് എത്തുന്ന താഹിറിനെ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും. ഇതിനായുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു.

കഴിഞ്ഞ 23 വർഷമായി ഇബ്രിയിലെ സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായും ഡ്രൈവറായും ജോലി ചെയ്തുവരികയായിരുന്ന താഹിർ കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് രോഗക്കിടക്കയിലേക്ക് വീണത്. സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇബ്രി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കാര്യമായ ചികിൽസ ലഭിച്ചില്ല. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള താഹിറിന് ആരുടെയെങ്കിലും സഹായമുണ്ടെങ്കിൽ മാത്രമാണ് നടക്കാൻ സാധിക്കുകയുമുള്ളൂ. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ഒമ്പതിന് മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ പരിഗണിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
