മലയാളി ജവാന്റെ തിരോധാനം; രാഷ്ട്രപതിക്ക് പരാതി നൽകാനൊരുങ്ങി മസ്കത്തിലുള്ള പിതാവ്
text_fieldsഗഫൂർ, റഹീം
മസ്കത്ത്: മലയാളി ജവാൻ തൃശൂർ സ്വദേശി ഫർസീൻ ഗഫൂറിനെ കാണാതായ സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകാനൊരുങ്ങി മസ്കത്തിലുള്ള പിതാവ് ഗഫൂറും പിതൃസഹോദരൻ റഹീമും.
സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇരുവരും കഴിഞ്ഞദിവസം മസ്കത്ത് ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു. എന്നാൽ, ഇടപെടാൻ ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നും രാഷ്ട്രപതിക്ക് പരാതി നൽകാനുള്ള ഓൺലൈൻ ലിങ്ക് കൈമാറുകയുമായിരുന്നെന്നും ഇരുവരും ഗൾഫ് മാധ്യമത്തോട് പറഞ്ഞു. മകന് സാമ്പത്തികപ്രശ്നങ്ങളോ മറ്റുബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും പിതാവ് ഗഫൂർ പറഞ്ഞു. പരിശീലനത്തിന് പോകുന്നത് അവൻ മാതാവിനെയും ഭാര്യയെയും വിളിച്ചറിയിച്ചിരുന്നു. എന്നാൽ, ഇതിനുശേഷം ഒരു വിവരവുമില്ല.
ഇടപെടുന്ന ആളുകളുമായി പെട്ടെന്ന് സൗഹൃദത്തിലാകുന്നയാളാണ് മകനെന്നും ഗഫൂർ പറഞ്ഞു. ഗുരുവായൂർ എം.എൽ.എക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നൽകിയിട്ടുണ്ടെന്നും വേണ്ട ഇടപെടലുകൾ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പിതൃസഹോദരനായ റഹീമും ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പുണെയിലെ ആർമി മെഡിക്കൽ കോളജിലായിരുന്നു ജോലി. ഇവിടെനിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെ കാണാതായതായാണ് കുടുംബം പറയുന്നത്. ബറേലിയിലേക്ക് ഒമ്പതിനാണ് ബാന്ദ്രയിൽനിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്.
പത്തുവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ബറേലിക്ക് തൊട്ടടുത്തുള്ള സ്ഥലത്താണ് അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. പരിശീലനത്തിനും എത്തിയില്ല. മൂന്നുമാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. വിവാഹിതനാണ്.
വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫർസീന്റെ പിതാവ് ഗഫൂറും പിതൃസഹോദരനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

