കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
text_fieldsമസ്കത്ത്: മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ രണ്ട് സ്വദേശി പൗരൻമാരെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. റാഷിദ് സാലിം (57), റാഷിദ് അൽ മർളി (34) എന്നിവരെയാണ് സുരക്ഷിതമായി കണ്ടെത്തിയത്. ഇവർ പൂർണ ആരോഗ്യവാന്മാരാണെന്ന് ഒമാനി മത്സ്യത്തൊഴിലാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് അഹമ്മദ് അൽ ബലൂഷി പറഞ്ഞു. ബുധനാഴ്ച തെക്കൻ ശർഖിയ ഗവർണറേറ്റിലെ നിയാബത്ത് അൽ അശ്ഖറക്ക് കിഴക്കായിരുന്നു ഇവർ മത്സ്യബന്ധനത്തിന് പോയിരുന്നത്. പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. റോയൽ എയർഫോഴ്സ് ഓഫ് ഒമാനും റോയൽ നേവി ഓഫ് ഒമാനും തിരച്ചിൽ നടത്തിയിരുന്നു. ഏഴിലധികം പരമ്പരാഗത മത്സ്യബന്ധന കപ്പലുകളും 14ലധികം ഫ്ലാറ്റ് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും തിരച്ചിലിൽ പങ്കുചേർന്നു.