ഖരീഫ് സീസൺ; റോഡ് സുരക്ഷ കാമ്പയിനുമായി ഗതാഗത മന്ത്രാലയം
text_fieldsദോഫാറിലെ റോഡുകളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള സുരക്ഷിതയാത്ര പ്രോത്സാഹിപ്പിക്കുന്നതിന് റോഡ് സുരക്ഷ അവബോധ കാമ്പയിനുമായി ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. സലാലയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്ന കുടുംബങ്ങളും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരും ഉൾപ്പെടെയുള്ള വാഹനമോടിക്കുന്നവരെ ലക്ഷ്യമിട്ടാണ് കാമ്പയിൻ.
ശിപാർശ ചെയ്യുന്ന റോഡ് റൂട്ടുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും സുരക്ഷിതമല്ലാത്ത ബദലുകൾ ഒഴിവാക്കുന്നതിനെക്കുറിച്ചും അവബോധം വളർത്തുകയാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്. പലപ്പോഴും ഗൂഗ്ൾ മാപ്പിന്റെയും മറ്റും അടിസ്ഥാനത്തിൽ എളുപ്പമുള്ള റോഡുകൾ തെരഞ്ഞെടുക്കുന്നവരാകും പലരും. എന്നാൽ, അത്തരം റൂട്ടുകൾ ദൂരം കുറവാണെന്ന് തോന്നുമെങ്കിലും അവശ്യസേവനങ്ങളുടെ അഭാവമുണ്ടെന്നും സുരക്ഷാഅപകടസാധ്യതകൾ സൃഷ്ടിക്കാമെന്നും മന്ത്രാലയം പറഞ്ഞു.
ദോഫാറിലേക്കുള്ള പ്രധാന ഇരട്ടപാതയായ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് (ആദം-ഹൈമ-തുംറൈത്ത) വഴി വാഹനമോടിക്കണമെന്നാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും അവശ്യസേവനങ്ങളും ഈ പാതയിൽ ലഭ്യമാണ്. മാത്രമല്ല, ഭൂരിഭാഗം യാത്രക്കാരും ഉപയോഗിക്കുന്നതുമാണ് ഈ റോഡ്.
ഒമാനിലെ റോഡുകളുടെ കാര്യത്തിൽ പൊതുജനവിശ്വാസം വളർത്തുന്നതിനും റോഡ് സുരക്ഷ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാറിന്റെ തുടർച്ചയായ ശ്രമങ്ങളെ എടുത്തുകാണിക്കുകയാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ഹഫീത്, റൂബൂഉൽ ഖാലി തുടങ്ങിയ അതിർത്തി കടന്നുള്ള യാത്രക്കാർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഖരീഫ് വേളയിൽ ദോഫാറിലേക്കുള്ള റോഡിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ കാമ്പയിനെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

