റസ്റ്റാറന്റുകൾക്കും കഫേകൾക്കും പുതിയ മാർഗനിർദേശവുമായി ടൂറിസം മന്ത്രാലയം
text_fieldsമസ്കത്ത്: റസ്റ്റാറന്റുകളും കഫേകളും ഔദ്യോഗിക ടൂറിസം ക്ലാസിഫിക്കേഷനായി അപേക്ഷിക്കേണ്ടതു സംബന്ധിച്ച് ഒമാൻ പൈതൃക- ടൂറിസം മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ടൂറിസം നിലവാര സർട്ടിഫിക്കേഷൻ നിർബന്ധമായും നേടേണ്ട സ്ഥാപനങ്ങൾ ഏതൊക്കെ വിഭാഗങ്ങൾ എന്നത് സംബന്ധിച്ചാണ് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവച്ചിരിക്കുന്നത്.
പുതിയ നിർദേശപ്രകാരം, ഹോട്ടൽ സമുച്ചയങ്ങളിലുള്ള ഭക്ഷണശാലകൾ, ടൂറിസത്തിനായി പ്രത്യേകമായി നിശ്ചയിച്ച ഭൂമികളിൽ നിർമിച്ചിരിക്കുന്ന റസ്റ്റാറന്റുകൾ, കൺസഷൻ കരാറുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ എന്നിവക്ക് ടൂറിസം ക്ലാസിഫിക്കേഷൻ നിർബന്ധമാണ്. അതേസമയം, നിർബന്ധിത വിഭാഗങ്ങളിൽപെടാത്ത മറ്റ് റസ്റ്റാറന്റുകൾക്കും കഫേകൾക്കും സ്വമേധയാ ടൂറിസം ക്ലാസിഫിക്കേഷനായി അപേക്ഷിക്കാനുള്ള അവസരവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് മുഴുവൻ ആതിഥേയ സേവനങ്ങളുടെ നിലവാരം ഉയർത്തുകയും ടൂറിസം മേഖലയിൽ ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
അപേക്ഷാനടപടികൾ ലളിതമാക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ സൗകര്യവും മന്ത്രാലയം ആരംഭിച്ചു. അംഗീകൃത നടപടിക്രമങ്ങളിലൂടെ ഔദ്യോഗിക ഇ-സർവിസസ് പോർട്ടൽ വഴി സംരംഭകർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം. പുതിയ മാർഗനിർദേശങ്ങൾ ടൂറിസം മേഖലയിലെ സേവന നിലവാരം ഏകീകരിക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

