ഒറീദോവിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ ശ്രമമെന്ന് തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: ടെലികമ്യൂണിക്കേഷൻസ് ഓപറേറ്ററായ ഒറീദോവിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ ശ്രമമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. 125 തൊഴിലാളികളെ സർവിസിൽ നിന്ന് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടാണ് വിഷയമുയർന്നത്. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച നടന്നിരുന്നു. തുടർന്ന് ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി മുഖേന തൊഴിൽ മന്ത്രാലയം ഒറീദോ മാനേജ്മെന്റിനെ ബന്ധപ്പെട്ടിരുന്നു. പിരിച്ചുവിടുന്ന 125 ജീവനക്കാരിൽ 114 പേർ നഷ്ട പരിഹാര പാക്കേജ് അംഗീകരിച്ചതായി അവർ അറിയിച്ചു. ഇവർക്ക് 24 മാസത്തെ ശമ്പളം ലഭിക്കും. നഷ്ട പരിഹാരം സ്വീകരിച്ച് ഇവർ സ്വയം രാജിക്ക് സന്നദ്ധത അറിയിച്ചതായാണ് വിവരം.
എന്നാൽ, 11 പേർ ഈ പാക്കേജ് അംഗീകരിക്കാൻ തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുകയാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്വകാര്യ മേഖലയിൽ ഒമാനി പൗരന്മാരുടെ അവകാശങ്ങളും ജോലി സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

