ഒമാനിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിത രീതിയിലെന്ന് സാമ്പത്തിക മന്ത്രാലയം
text_fieldsഉപഭോക്തൃ വില സൂചികയിലെ ശരാശരി പണപ്പെരുപ്പം 0.94 ശതമാനം
മസ്കത്ത്: ഒമാനിലെ പണപ്പെരുപ്പ നിരക്ക് പ്രവചിക്കപ്പെട്ട രീതിയിലെന്ന് സാമ്പത്തിക മന്ത്രാലയം. 2025 ജനുവരി മുതൽ നവംബർ വരെ ഉപഭോക്തൃ വില സൂചികയിലെ ശരാശരി പണപ്പെരുപ്പം 0.94 ശതമാനമായി രേഖപ്പെടുത്തി. ആഭ്യന്തര പണപ്പെരുപ്പം നിശ്ചിത പരിധിക്കുള്ളിൽ തുടരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ആഗോള വ്യാപാര നയങ്ങളിലെ മാറ്റങ്ങളും തീരുവ വർധനയും മൂലം അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ആഗോള പണപ്പെരുപ്പവുമായി ബന്ധപ്പെട്ട സമ്മർദങ്ങൾ താരതമ്യേന നിയന്ത്രിതമായ തോതിലാണുള്ളത്.
പത്താം പഞ്ചവത്സരപദ്ധതി (2021-2025) കാലയളവിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ 2021 മുതൽ സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾ ഫലം കണ്ടതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭക്ഷ്യവസ്തുക്കൾക്കും അവശ്യസേവനങ്ങൾക്കും കൃത്യമായ പിന്തുണ നൽകിയത് ഇറക്കുമതി പണപ്പെരുപ്പത്തിന്റെ ആഘാതത്തിൽനിന്ന് പ്രാദേശിക വിപണികളെ സംരക്ഷിക്കുകയും സാമ്പത്തിക വളർച്ച, ക്രയശേഷി, ജീവിതനിലവാരം എന്നിവ നിലനിർത്താനും സഹായിച്ചു.
മിതമായ പണപ്പെരുപ്പം നിലനിർത്തിയത് ധനനയ ഇളവുകളോടൊപ്പം സാമ്പത്തിക വ്യാപനത്തിനും കരുത്തായി. പലിശനിരക്കുകൾ കുറഞ്ഞതോടെ ആഭ്യന്തര ആവശ്യകത വർധിക്കുകയും ദ്രവ്യത മെച്ചപ്പെടുകയും വ്യവസായം, നിർമാണം, ഖനനം, ഗതാഗതം തുടങ്ങിയ പ്രധാന മേഖലകളിലേക്കുള്ള നിക്ഷേപം ഊർജിതമാകുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ വായ്പച്ചെലവും ഇതിലൂടെ കുറഞ്ഞു. 2025ൽ ഒമാൻ സെൻട്രൽ ബാങ്ക് ധനനയ ഇളവുകൾ തുടർന്നിരുന്നു. പ്രാദേശിക ബാങ്കുകളുമായുള്ള റീ പർചേസ് ഇടപാടുകളിലെ പലിശനിരക്ക് 2024 അവസാനം അഞ്ചു ശതമാനമായിരുന്നതിൽനിന്ന് 2025 ഡിസംബറോടെ 4.25 ശതമാനമായി കുറച്ചു. 2025 ഒക്ടോബർ അവസാനം വരെ മൊത്തം ബാങ്ക് ക്രെഡിറ്റ് ഒമ്പതു ശതമാനം വളർന്ന് 34.7 ബില്യൺ റിയാലായി. സ്വകാര്യ മേഖലയിലേക്കുള്ള ക്രെഡിറ്റ് 5.8 ശതമാനം വർധിച്ച് 28.3 ബില്യൺ റിയാലിലെത്തി.
സ്വകാര്യ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഒമാൻ ഫ്യൂച്ചർ ഫണ്ടിന്റെ തുടക്കം, ഡെവലപ്മെന്റ് ബാങ്കിന്റെ മൂലധന വർധന തുടങ്ങിയ ധനസഹായ -നിക്ഷേപ പദ്ധതികളും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. മസ്കത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റിങ് പ്രോത്സാഹിപ്പിക്കുന്ന ഇളവുകളും കുടുംബ ബിസിനസുകൾക്കും ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കുമായി ‘പ്രോമിസിങ് കമ്പനീസ് മാർക്കറ്റ്’ ആരംഭിച്ചതും ഇതിന്റെ ഭാഗമാണ്.
2025 ജനുവരി-നവംബർ കാലയളവിൽ ഭക്ഷ്യവസ്തുക്കളുടെയും മദ്യരഹിത പാനീയങ്ങളുടെയും വില 0.33 ശതമാനം കുറഞ്ഞതായി ഉപഭോക്തൃ കണക്കുകൾ വ്യക്തമാക്കുന്നു. വസ്ത്ര-ചെരിപ്പ് (0.44%), വിദ്യാഭ്യാസം (0.45%), ഗൃഹോപകരണങ്ങൾ (0.45%) എന്നീ വിഭാഗങ്ങളിൽ ചെറിയ വർധനയുണ്ടായി. മറ്റു സാധന -സേവനങ്ങൾ (6.8%), ഗതാഗതം (3.2%), റസ്റ്റാറന്റുകളും ഹോട്ടലുകളും (1.8%), ആരോഗ്യം (1.5%) എന്നീ മേഖലകളിലും വർധന രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

