വിദ്യാഭ്യാസമന്ത്രാലയം സ്വകാര്യ സ്കൂൾ മേധാവികളുടെ യോഗം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റുകൾക്ക് കീഴിലെ സ്വകാര്യ സ്കൂളുകളുടെ ഡയറക്ടർമാരെയും വിഭാഗമേധാവികളെയും പങ്കെടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന വാർഷികയോഗത്തിന് തുടക്കമായി.
അഞ്ചുദിവസം നീളുന്ന യോഗത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭരണ-സാമ്പത്തികകാര്യ അണ്ടർ സെക്രട്ടറി മജീദ് സഈദ് അൽ ബഹ്റി നിർവഹിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അനുഭവങ്ങൾ പരസ്പരം പങ്കിടുക, ദേശീയ-അന്തർദേശീയ തലത്തിലുള്ള വിജയകഥകൾ വിലയിരുത്തുക, ഗുണനിലവാരത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനും വിദ്യാഭ്യാസരംഗത്തിന്റെ കാര്യക്ഷമത ഉയർത്താനുമായി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്തുക എന്നിവയാണ് യോഗത്തിന്റെ ലക്ഷ്യങ്ങൾ.
സ്വകാര്യ സ്കൂളുകൾ നേരിടുന്ന പൊതുവായ വെല്ലുവിളികൾ, സ്വകാര്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികൾ, റെഗുലേറ്ററി ആവശ്യകത, ലൈസൻസിങ് ചട്ടങ്ങൾ, ഗുണനിലവാര പദ്ധതികൾ എന്നിവയും യോഗത്തിൽ ചർച്ച ചെയ്യും. വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂൾ ഭരണത്തിനും സുരക്ഷിതവും പ്രോത്സാഹകവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്ന മാർഗങ്ങളും യോഗം വിലയിരുത്തും.
പാഠ്യപദ്ധതി, ശിശുസംരക്ഷണം, വൈകല്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയ വിദ്യാഭ്യാസം, സ്കൂൾ ഭരണരീതി തുടങ്ങിയ മേഖലകളിലെ അന്താരാഷ്ട്ര അനുഭവങ്ങളും യോഗം പരിശോധിക്കും. സ്വകാര്യ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ സന്തുലിതമായ വളർച്ച ഉറപ്പാക്കുന്ന സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും കൂടുതൽ മനസ്സിലാക്കുന്നതിനുള്ള ചർച്ചകളും യോഗത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

