ഇന്ധന അളവിൽ കൃത്രിമത്വം; ഒമാനിൽ 17 പെട്രോൾ പമ്പുകൾ മന്ത്രാലയം അടപ്പിച്ചു
text_fieldsമസ്കത്ത്: അളവിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ധനം വിതരണം ചെയ്ത 17 പെട്രോൾ പമ്പുകൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. ആദം മുതൽ ദോഫാർ വരെയുള്ള റൂട്ടിലെ 90 ഇന്ധന വിതരണ കേന്ദ്രങ്ങളിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇന്ധന അളവിലെ കൃത്രിമത്വം ഉൾപ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ആഗസ്റ്റ് ഒന്നു മുതൽ 21 വരെ നടത്തിയ പരിശോധനകളിൽ ഇന്ധന വിതരണത്തിലെ കൃത്യതക്കുറവും മറ്റ് സാങ്കേതിക, പ്രവർത്തന മാനദണ്ഡങ്ങളുടെ ലംഘനവും ഉൾപ്പെടെ ആകെ 47 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയത്തിലെ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി ഇൻസ്പെക്ഷൻ വകുപ്പിലെ ഷൈമ ബിൻത് ഖാമിസ് അൽ ബലൂഷി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മാനദണ്ഡങ്ങൾ ലംഘിച്ച പെട്രോൾ പമ്പുകളിലെ തകരാറുകൾ പരിഹരിച്ച്, മന്ത്രാലയത്തിലെ വിദഗ്ധർ പരിശോധിച്ച് ബോധ്യപ്പെടുന്നതുവരെ ഇവ അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടികൾക്കായി ഈ കേസുകൾ മന്ത്രാലയത്തിന്റെ നിയമവിഭാഗത്തിന് കൈമാറി.
ഇന്ധന അളവിൽ കൃത്രിമത്വം കാണിച്ച 17 കേസുകൾക്ക് പുറമെ, 12 ഇടങ്ങളിൽ വിശ്രമമുറികൾ വൃത്തിഹീനമായും 15 പമ്പുകളിൽ വൈദ്യുത ചാർജിങ് സൗകര്യം ഇല്ലാത്തതും എയർ രണ്ടിടങ്ങളിൽ എയർ പമ്പുകളില്ലാത്തും പരിശോധനയിൽ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

