സ്വദേശി ജീവനക്കാരെ പിരിച്ചുവിടാൻ മന്ത്രാലയ അനുമതി നിർബന്ധം -തൊഴിൽ മന്ത്രി
text_fieldsതൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സഈദ് ബാവൈൻ ശൂറ മജ്ലിസിൽ സമ്മേളനത്തിൽ
സംസാരിക്കുന്നു
മസ്കത്ത്: ഒമാനി പൗരന്മാരായ ജീവനക്കാരുടെ സേവനം മുൻകൂർ പരിശോധനയും അനുമതിയും കൂടാതെ അവസാനിപ്പിക്കാൻ കമ്പനികൾക്ക് അധികാരമില്ലെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സഈദ് ബാവൈൻ വ്യക്തമാക്കി.
ടെലികോം മേഖലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത കൂട്ട പിരിച്ചുവിടൽ സംബന്ധിച്ച് ശൂറ മജ്ലിസ് സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
ശൂറ മജ്ലിസ് സമ്മേളനത്തിൽ സംസാരിച്ച മന്ത്രി, തൊഴിൽ മന്ത്രാലയത്തിന്റെ വിലയിരുത്തലിനായി അപേക്ഷ സമർപ്പിക്കാതെ ഒരു സ്ഥാപനവും ഒമാനി പൗരനെ പിരിച്ചുവിടാൻ പാടില്ലെന്ന് വ്യക്തമാക്കി. ടെലികോം മേഖലയിലെ ഒരു കമ്പനിയിൽ ഒമാനി ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തെക്കുറിച്ച് കൗൺസിൽ അംഗം ഹുസൈൻ അൽ ലവാത്തിയാണ് വിശദീകരണം തേടിയത്.
ഈ കേസിനെ മറ്റു സ്ഥാപനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പിരിച്ചുവിടുന്ന ദിവസം തന്നെ ചില ജീവനക്കാരുടെ ബയോമെട്രിക് പ്രവേശനം ഉൾപ്പെടെയുള്ള ആക്സസ് സംവിധാനങ്ങൾ തടസ്സപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടെന്നും ഹുസൈൻ അൽ ലവാത്തി ചൂണ്ടിക്കാട്ടി.
തൊഴിൽ മന്ത്രാലയത്തെ സ്ഥാപനത്തിന്റെ സാമ്പത്തിക സാഹചര്യം അറിയിക്കാതെ പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കുന്ന കമ്പനികൾ നിയമപരമായ നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. പിരിച്ചുവിടലിനെ തുടർന്ന് ജീവനക്കാർ സമർപ്പിക്കുന്ന പരാതികളും മന്ത്രാലയം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാർക്ക് കമ്പനി നൽകുന്ന ഓപ്ഷനുകൾ അവർ അംഗീകരിക്കുന്ന പക്ഷം മന്ത്രാലയം ഇടപെടില്ലെന്നും തൊഴിൽ രംഗത്ത് നിയമവും നീതിയും ഉറപ്പാക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ വിപണിയിലെ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനായി മന്ത്രാലയം ചട്ടക്കൂട് രൂപപ്പെടുത്തി വരുകയാണെന്നും ഇതിന് എല്ലാ പങ്കാളികളുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

