മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസ് ഒമാന്റെ ബഹിരാകാശ ലക്ഷ്യങ്ങൾക്ക് കരുത്തേകും
text_fieldsമസ്കത്ത്: ജനുവരി 26 മുതൽ 28 വരെ മസ്കത്തിൽ നടക്കുന്ന രണ്ടാമത് മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസ് (എം.ഇ.എസ്.സി) ഒമാന്റെ ബഹിരാകാശ പ്രവർത്തന ലക്ഷ്യങ്ങൾക്ക് കരുത്തുപകരും. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും നോവാസ്പേസും ചേർന്നാണ് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.
മിഡിലീസ്റ്റ് രാജ്യങ്ങളുടെ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പദ്ധതികളും ത്വരിതപ്പെടുത്തുന്നതിനുള്ള നയങ്ങളും നിക്ഷേപങ്ങളും സഹകരണങ്ങളും ചർച്ച ചെയ്യുകയാണ് സമ്മേളന ലക്ഷ്യം.
2024 ജനുവരിയിൽ മസ്കത്തിൽതന്നെയായിരുന്നു മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസിന്റെ പ്രഥമ സമ്മേളനം അരങ്ങേറിയത്. 20ലേറെ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികളും വിദഗ്ദരും നയരൂപകർത്താക്കളും വ്യവസായ പ്രമുഖരുമടക്കം 450ലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസിൽ ദേശീയ ബഹിരാകാശ നയങ്ങൾ, ഉപഗ്രഹ പദ്ധതികൾ, ബഹിരാകാശ സംരംഭങ്ങൾക്കുള്ള ഫണ്ടിങ് രീതികൾ തുടങ്ങിയവ ചർച്ച ചെയ്യും. ബഹിരാകാശമേഖലയിലെ അടിസ്ഥാന സൗകര്യം, ബഹിരാകാശ സേവനം, വാണിജ്യ പങ്കാളിത്തം, രാജ്യാന്തര സഹകരണം തുടങ്ങിയ മേഖലകളിൽ വൻ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുന്ന തന്ത്രപ്രധാന വേദിയായി ഈ സമ്മേളനം മാറുമെന്ന് പ്രതീക്ഷിക്കുന്നു.
2023ൽ ദേശീയ ബഹിരാകാശ നയം പ്രഖ്യാപിച്ചതോടെ, ഗൾഫ് മേഖലയിലെ ഏറ്റവും വേഗത്തിൽ മുന്നേറുന്ന ബഹിരാകാശ വിപണികളിലൊന്നായി ഒമാൻ മാറിയിട്ടുണ്ട്. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് കാര്യമായ പ്രാധാന്യം നൽകുന്നുണ്ട്. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, ഭൗമ നിരീക്ഷണ സേവനങ്ങൾ, ഭൂതല അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ നവീകരണം തുടങ്ങിയ മേഖലകളിൽ നിക്ഷേപങ്ങൾക്ക് മുൻഗണന നൽകും. വിദേശ നിക്ഷേപങ്ങൾ, സാങ്കേതിക പങ്കാളിത്തങ്ങൾ, അറിവിന്റെ കൈമാറ്റം എന്നിവക്കായി മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസ് ഉപയോഗപ്പെടുത്തുകയും അതുവഴി മേഖലാതല ബഹിരാകാശ കേന്ദ്രമായി ഗൾഫ് മേഖലയിൽ ഒമാന്റെ സ്ഥാനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
മേഖലയുടെ തന്ത്രപരവും സാങ്കേതികവുമായ വിവിധ വശങ്ങൾ വിലയിരുത്തുന്ന സമഗ്ര സെഷനുകളാണ് സമ്മേളനത്തിൽ ഒരുക്കിയിരിക്കുന്നത്. സമാപന ദിനത്തിൽ നയരൂപകർത്താക്കൾ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, സർവകലാശാലകൾ, ആക്സിലറേറ്ററുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന സെഷനുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

