മെട്രോ പൊളിറ്റൻസ് എറണാകുളം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
text_fieldsമെട്രോ പൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച ചിത്രരചനാ-കളറിങ് മത്സരത്തിൽ വിജയികളായവർ
മസ്കത്ത്: മെട്രോ പൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ കുട്ടികൾക്കായി ചിത്രരചനാ-കളറിങ് മത്സരം സംഘടിപ്പിച്ചു. ചിത്രജാലകം എന്ന പേരിൽ റൂവി ലുലു ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിഭാഗങ്ങളിലായി നൂറിലേറെ കുട്ടികൾ പങ്കെടുത്തു .
ലുലു ഹൈപ്പർ മാർക്കറ്റ് റൂവി ജനറൽ മാനേജർ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങൾക്കായുള്ള മത്സര വിഭാഗത്തിൽ കളറിങ്ങും സബ് ജൂനിയർ വിഭാഗത്തിൽ ‘ജലം’ എന്ന വിഷയവും ജൂനിയർ , സീനിയർ വിഭാഗത്തിൽ ‘മരം’ , ‘പ്രകൃതി’ എന്നീ വിഷയവുമാണ് നൽകിയത്.
കുട്ടികളുടെ നിരീക്ഷണ -സർഗാത്മകത വിളിച്ചറിയിക്കുന്നതായിരുന്നു രചനകൾ എന്ന് വിധികർത്താക്കളായ വീണാ തോപ്പിൽ, രാധാ ബാച്ചു എന്നിവർ പറഞ്ഞു .
കുട്ടികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം അവരെ ലോകത്തെയും, ജനതയെയുംകുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ഈയൊരു മത്സരത്തിലൂടെ ഉദ്ദേശിച്ചതെന്ന് മെട്രോ പൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ പ്രസിഡന്റ് സിദ്ദിക്ക് ഹസ്സൻ പറഞ്ഞു.
വരും നാളുകളിൽ മസ്കത്തിനു പുറമെയുള്ള ഭാഗങ്ങളിൽനിന്നുള്ള കുട്ടികളെക്കൂടി ഉൾക്കൊള്ളിച്ച് കൂടുതൽ വിപുലമായി പരിപാടി സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. കുട്ടികളുടെ വിഭാഗത്തിൽ ജാൻവിയ റെനിൽ ഒന്നാമതും ഇവ മരിയ പ്രവീൺ രണ്ടാമതും റെൻസാ ഫാത്തിമ മൂന്നാമതും മുഹമ്മദ് പി.വി പ്രോത്സാഹന സമ്മാനവും നേടി.
സബ് ജൂനിയർ പെൻസിൽ ഡ്രോയിങ്ങിൽ മേധ ഗൗരി ജിയേഷ് ഒന്നും ചൈത്ര പ്രവീൺ രണ്ടും ലക്ഷ്മിത്ത് കണ്ണൻ മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ വാട്ടർ കളർ ഇനത്തിൽ ദക്ഷ് സനു ഒന്നാമതും അകുൽ കൃഷ്ണ രണ്ടാമതും നിരഞ്ജന രഞ്ജിത്ത് മൂന്നാമതുമായി.
സീനിയർ വിഭാഗം വാട്ടർ കളർ വിഭാഗത്തിൽ അസ്സാ സിറാജ് ഒന്നാം സ്ഥാനം നേടി. ഫാത്തിമ സിയ രണ്ടും ഫാത്തിമ സാഹബ മൂന്നും ജന്നത്തുൾ മാവ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി.
വിവിധ വിഭാഗങ്ങളിൽ ജേതാക്കളായ കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു . കോഓഡിനേറ്റർമാരായ നിജീഷ് ഷൈൻ, രമാ ശിവകുമാർ എന്നിവർ ചിത്രരചനാ മത്സരങ്ങൾക്ക് നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുക്കാനും വീക്ഷിക്കാനും എത്തിയവർക്കായി ഒട്ടേറെ വിനോദ പരിപാടികളും സംഘടിപ്പിച്ചു. കലാ വിഭാഗം സെക്രട്ടറി ഒ.കെ. മുഹമ്മദാലിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

