മീറ്റർ ടാക്സി ഒന്നു മുതൽ; ബസുകളിൽ തിരക്ക് വർധിക്കും
text_fieldsമസ്കത്ത്: ജൂൺ ഒന്ന് മുതൽ ടാക്സികളിൽ മീറ്ററുകൾ സ്ഥാപിക്കുന്നത് ബസുകളിലും മിനി ബസുകളിലും തിരക്ക് വർധിക്കാൻ കാരണമാവും. ചെറിയ ടാക്സികളിൽ മീറ്റർ ഘടിപ്പിക്കുന്നതോടെ കുറഞ്ഞ വരുമാനക്കാരിൽ പലരും താരതമ്യേന ചെലവ് കുറഞ്ഞ ബസുകളിലും മിനി ബസുകളിലും യാത്രചെയ്യാനാണ് സാധ്യത. ഇതോടെ മുവാസലാത്ത് ബസുകളിലും മിനി ബസുകളിലും തിരക്ക് വർധിക്കും.
ടാക്സികളിൽ മീറ്ററുകൾ ഘടിപ്പിക്കുന്നത് വിനോദ സഞ്ചാരികൾക്കും ഉയർന്ന ശമ്പളക്കാർക്കും അനുഗ്രഹമാണെങ്കിലും ചെറിയ ശമ്പളക്കാർക്ക് ചില്ലറ പ്രതിസന്ധികൾ ഉണ്ടാക്കും. മീറ്റർ ടാക്സികളുടെ നിരക്കുകൾ ആരംഭിക്കുന്നത് 300 ബൈസയിലാണ്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 130 ബൈസ വീതം നൽകണം. ഇതനുസരിച്ച് മീറ്റർ ടാക്സിയിൽ പത്ത് കിലോമീറ്ററെങ്കിലും യാത്ര ചെയ്യുന്നവർ 1.600 ബൈസയെങ്കിലും നൽകേണ്ടി വരും. ഇത് യാത്രക്കാരിൽനിന്നും വീതിച്ചെടുക്കുമ്പോൾ ഒരാൾ 400 ബൈസയാകും. ഇപ്പോൾ ഷെയറിങ് ടാക്സിയിൽ യാത്ര ചെയ്യുന്നവർ 300 ബൈസയാണ് ഇത്രയും യാത്രക്ക് നൽകുന്നത്.
നിയമം കർശനമായി നടപ്പാക്കുകയാണെങ്കിൽ നാല് യാത്രക്കാരെ ഒപ്പിക്കുന്നതടക്കമുള്ള ചുമതല യാത്രക്കാർക്കായിരിക്കും. യാത്രക്കാരെ കിട്ടിയില്ലെങ്കിൽ നിരക്ക് വർധിക്കുകയും ചെയ്യും. നിലവിൽ കാറിൽ യാത്രക്കാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും വാഹനം ഓടിക്കുന്നവരാണ് അത് സഹിക്കേണ്ടത്. യാത്രക്കാരൻ നിശ്ചയിച്ച നിരക്കുമാത്രം നൽകിയാൽ മതിയാവും. കാറിൽ യാത്രക്കാർ കൂടുന്നതും കുറയുന്നതും അവരെ ബാധിക്കാറില്ല. മീറ്റർ ടാക്സി നിലവിൽ വരുന്നത് പ്രധാന നഗരങ്ങളിൽനിന്ന് വിട്ട് ചെറിയ സ്റ്റോപ്പുകളിൽ വാഹനം കാത്തുനിൽക്കുന്നവർക്ക് വലിയ പ്രതിസന്ധിയാവും. ഇത്തരക്കാർക്ക് മീറ്റർ ടാക്സിയുടെ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയില്ല. മീറ്റർ ടാക്സികൾ പലതും നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നതിനാൽ ഇവയുടെ സേവനം ചെറിയ സ്റ്റോപ്പുകളിൽ കിട്ടാനിടയില്ല.
കിട്ടിയാൽതന്നെ നിരക്കുകൾ ഷെയർ ചെയ്യാൻ സഹ യാത്രക്കാരെയും ലഭിക്കില്ല. അതിനാൽ, ഇത്തരക്കാർ മുഴുവൻ നിരക്കുകളും നൽകേണ്ടി വരും. ബസുകളും മിനി ബസുകളിൽ തിരക്ക് കൂടിയതിനാൽ ഇത്തരം വാഹനങ്ങൾ ആരംഭ സ്ഥാനത്തുനിന്നുതന്നെ നിറയുകയാണെങ്കിൽ വഴിയിൽ കാത്തിരിക്കുന്നവർക്ക് കയറിപ്പറ്റാനും പ്രയാസമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

