സലാല: മെകുനു ചുഴലിക്കാറ്റിനെ തുടർന്ന് കടൽ കയറി പൂർണമായും നശിച്ച മുഗ്സൈൽ ഭാഗത്തെ റോഡിന് പകരമായി സമാന്തര പാതയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സലാലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മുഗ്സൈൽ ബീച്ച്, മർനീവ് ഗുഹ, ബ്ലോഹോൾസ് തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഭാഗത്തായിട്ടാണ് ഒരു കിലോമീറ്ററിലേറെ നീളത്തിൽ റോഡ് പൂർണമായും ഇല്ലാതാക്കി കടൽകയറിയത്. ഇപ്പോഴത്തെ അവസ്ഥയിൽ ഈ ഭാഗത്ത് റോഡ് പുനർനിർമാണം സാധ്യമല്ലാത്തതിനാൽ സമീപത്തുള്ള മലകളെ ചുറ്റിയും വാദികളിലൂടെ കടന്നുമാണ് പുതിയ താൽക്കാലിക പാത നിർമിച്ചിരിക്കുന്നത്.
മെകുനു ആഞ്ഞടിച്ച ദിവസങ്ങളിൽ കടൽ കയറിയും വാദികൾ നിറഞ്ഞൊഴുകിയും റായ്സൂത്തിൽനിന്ന് ദൽഖൂത്തിലേക്കുള്ള പാത പലയിടങ്ങളിലും തകർന്നതിനെ തുടർന്ന് ശബാഅസൈബ്, റഖിയൂത്ത്, ദൽഖൂത്ത് പ്രദേശങ്ങൾ ഒറ്റപ്പെട്ടിരുന്നു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ താൽക്കാലിക പാത തെളിച്ചാണ് ഇവിടേക്കുള്ള യാത്ര സാധ്യമാക്കിയത്.
ഖരീഫ് സീസൺ ആരംഭിക്കുന്നതിന് മുേമ്പ താൽക്കാലിക റോഡുകൾക്ക് പകരം ആസ്ഫാൾട്ട് റോഡ് നിർമാണം പൂർത്തിയാക്കുവാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഭാഗികമായി തകർന്ന പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമാണവും ചുഴലിക്കാറ്റിൽ കടപുഴകിയ ഇലക്ട്രിക് പോസ്റ്റുകളും മറ്റും പുനഃസ്ഥാപിക്കുന്ന ത്വരിത പ്രവർത്തനങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.